hostal

കട്ടപ്പന: കട്ടപ്പനയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പൂട്ടി വാർഡൻ മുങ്ങിയതോടെ മൂന്നു പെൺകുട്ടികൾ മണിക്കൂറുകളോളം ഉള്ളിൽ കുടുങ്ങി. വിവരമറിഞ്ഞ് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി വാർഡനെ സ്ഥലത്തെത്തിച്ച ശേഷം ഹോസ്റ്റൽ തുറപ്പിച്ചു. ബൈപാസ് റോഡിനുസമീപം പ്രവർത്തിക്കുന്ന ഭവന നിർമാണ ബോർഡിന്റെ ഹോസ്റ്റലിലാണ് സംഭവം. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, കട്ടപ്പന അർബൻ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരി, ചക്കുപള്ളം ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് എന്നിവരാണ് ഹോസ്റ്റലിൽ താമസിക്കുന്നത്. ഹോസ്റ്റലിലെ മെസ് പ്രവർത്തിക്കില്ലെന്നും പുറത്തുനിന്നു ഭക്ഷണം വാങ്ങണമെന്നും ഇന്നലെ രാവിലെ വാർഡൻ ഇവരോട് പറഞ്ഞിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കണമെന്നും പറഞ്ഞ് വാർഡൻ ഹോസ്റ്റലിന്റെ രണ്ട് ഗ്രില്ലുകളും താഴിട്ടുപൂട്ടി താക്കോലുമായി പോയി. വ്യാഴാഴ്ച മെസിൽ തയാറാക്കിയ ഭക്ഷണം പഴകിയതോടെ ഇവർ ഹോട്ടലിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്തു. ഹോട്ടൽ ജീവനക്കാരൻ ഭക്ഷണവുമായി എത്തിയെങ്കിലും ഗ്രില്ല് പൂട്ടിയതിനാൽ വാങ്ങാനായില്ല. തുടർന്ന് വാർഡനെ ഫോണിൽ വിളിച്ചെങ്കിലും ഇവർ സ്ഥലത്തെത്താൻ തയാറായില്ല. വിവരമറിഞ്ഞ പെൺകുട്ടികളുടെ മാതാപിതാക്കൾ വാർഡനെയും ഹൗസിംഗ് ബോർഡ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടികളുമായി സംസാരിച്ചശേഷം വാർഡനെ വാഹനത്തിൽ സ്ഥലത്തെത്തിച്ച് പൂട്ട് തുറപ്പിക്കുകയായിരുന്നു. പെൺകുട്ടികൾക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ഇവർക്ക് രാവിലെ ഡ്യൂട്ടി പോകാൻ ഹോസ്റ്റൽ തുറന്നുകൊടുക്കുന്നിനും ഭക്ഷണം തയാറാക്കി നൽകാനും വാർഡന് പൊലീസ് നിർദേശം നൽകി.