തൊടുപുഴ: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ആദ്യദിനം ഭക്ഷണം നൽകിയത് നൂറോളം പേർക്ക്. പ്രഭാതഭക്ഷണം ചപ്പാത്തിയും കിഴങ്ങ് കറിയുമായിരുന്നു. ഉച്ചയ്ക്ക് സാമ്പാറും തോരനും കൂട്ടി ഊണ്. വൈകിട്ട് ചപ്പാത്തിയും കടലക്കറിയുമായിരന്നു. അമ്പതോളം പേരാണ് ഭക്ഷണം ആവശ്യപ്പെട്ടത്. വഴിയരികിൽ ഭിക്ഷ യാചിക്കുന്നവർക്കും ഭക്ഷണം കിട്ടാതെ നഗരത്തിൽ അലഞ്ഞവർക്കുമായി അമ്പതു ഭക്ഷണപൊതികൾ ഇതിന് പുറമെ തയ്യാറാക്കി. നഗരസഭയുടെ കീഴിലുള്ള അംഗൻവാടികൾ മുഖേനയാണ് ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് എടുത്തത്. നഗരസഭയുടെ വാഹനത്തിലും മറ്റ് സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുമാണ് ആവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചത്. തൊടുപുഴ ആനക്കൂട് അമൃത കാറ്ററിങ് യൂണിറ്റിന്റെ അടുക്കളയാണ് പാചകം ചെയ്യാൻ നഗരസഭയ്ക്ക് വിട്ടു നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിലും ആവശ്യക്കാരെ കണ്ടെത്തി ഭക്ഷണവിതരണം തുടരും.