തൊടുപുഴ: കുമളിയിലേക്ക് നടന്നു പോവുകയായിരുന്ന ഏഴംഗ തമിഴ്സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിച്ച് തൊടുപുഴ പൊലീസ്. ഇന്നലെ ഉച്ചയോടെ രണ്ട് സംഘമായി ഏഴുപേർ നടന്ന് വരുന്നത് കണ്ടാണ് തൊടുപുഴയിലെ മാദ്ധ്യമ പ്രവർത്തകർ കാര്യം അന്വേഷിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് പെരുമ്പാവൂരിൽ റോഡ് പണിക്കായി എത്തിയവരായിരുന്നെന്നും തിരികെ നാട്ടിലേക്ക് പോവുകയാണെന്നുമാണ് മധുര പേരയൂർ ശൂലംപുരം പാൽരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. കൊറോണ മൂലം രണ്ടാഴ്ചയോളമായി ജോലി ഇല്ലാതായിരുന്നു. പിന്നാലെ ജോലിക്കെത്തിച്ചവർ കൈവിടുകയും അന്തിയുറങ്ങിയിരുന്ന സ്ഥലവും ഇല്ലാതാവുകയും ചെയ്തു. കൈയിലെ പണം തീരാറായതോടെ പട്ടിണിയിലുമായി. തമിഴ്‌നാട്ടിലേക്ക് നടത്തം ആരംഭിച്ചപ്പോൾ കുടിക്കാൻ വെള്ളം മാത്രമാണ് കൈയിൽ ഉണ്ടായിരുന്നത്. വരുന്ന വഴിക്ക് ഒരു ലോറി കിട്ടിയെങ്കിലും മൂവാറ്റുപുഴ പൊലീസ് ഇവരെ ഇറക്കി വിട്ട് നടന്ന് പൊയ്‌ക്കോളാൻ പറയുകയും ചെയ്തതായി ഇവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തുടർന്ന് വിവരം അറിഞ്ഞെത്തിയ നഗരസഭ അധികൃതർ ഇവർക്ക് നഗരസഭ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം നൽകി. ജില്ലാ കളക്ടറുമായി നഗരസഭ അധികൃതർ ബന്ധപ്പെട്ടെങ്കിലും ഇവർ തൊടുപുഴയിൽ തുടരാൻ തയ്യാറായില്ല. നടന്ന് പോകാനായിരുന്നു തീരുമാനം. പോകുന്ന വഴിക്ക് കഴിക്കാനുള്ള ഭക്ഷണം കൂടി പൊതിഞ്ഞ് നൽകി നഗരസഭ അധികൃതർ ഇവരെ വിട്ടയച്ചു. പിന്നാലെ തൊടുപുഴ എസ്.ഐ എം.പി. സാഗറിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം വിവരം അറിഞ്ഞ് സ്ഥലത്തെത്തി. താമസിക്കാൻ സൗകര്യമൊരുക്കാമെന്ന് എസ്.ഐ അറിയിച്ചെങ്കിലും ഒരു വനിത ഉൾപ്പെടുന്ന ഏഴംഗ സംഘത്തിന് എങ്ങനെയും വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു. ഒന്നര മണിക്കൂർ നോക്കിയിട്ടും തീരുമാനമാകാതെ വന്നതോടെ നടന്നു പോകാനൊരുങ്ങിയ സംഘത്തെ അതുവഴി വന്ന ആംബുലൻസിൽ കയറ്റി കൃത്യമായ അകലത്തിൽ ഇരുത്തിയ ശേഷം ഇവരെ ഈരാട്ടുപേട്ടയ്ക്ക് അയക്കുകയായിരുന്നു. ഈരാട്ടുപേട്ടയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പച്ചക്കറി എടുക്കാൻ പോകുന്ന ലോറിയും ഇവർക്കായി പൊലീസ് തന്നെ ഇടപെട്ട് സജീകരിച്ചു.