തൊടുപുഴ : കൊറോണ ബാധിതനായ കോൺഗ്രസ് നേതാവിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ ഏറെ ഖേദകരമാണെന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകനും കൺവീനർ അഡ്വ.അലക്‌സ് കോഴിമലയും പറഞ്ഞു. പ്രധാനമന്ത്രി ജനകീയ കർഫ്യുവിന് ആഹ്വാനം ചെയ്യുന്നതുവരെ കേരളത്തിൽ ആരും തന്നെ കൊറോണ ഭീഷണി ഗൗരവമായി കണ്ടിരുന്നില്ല എന്നതാണ് യാതാർത്ഥ്യം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ കൃത്യവിലോപം മറച്ചു വയ്ക്കാനാണ് രോഗ ബാധിതനായ കോൺഗ്രസ് നേതാവിനെ പഴിചാരുന്നത്. അദ്ദേഹം വി്ദേശത്ത് പോയി മടങ്ങിയ ആൾ അല്ല. മാർച്ച് 16നാണ് അദ്ദേഹം ആദ്യമായി ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. മാർച്ച് 16-ന് മുമ്പാണ് സർക്കാർ പ്രസീദ്ധികരിച്ച റൂട്ട് മാപ്പിൽ പറയുന്ന യാത്രകൾ അത്രയും അദ്ദേഹം നടത്തിയത്. മാർച്ച് 16-ന് മുമ്പ് അദ്ദേഹത്തിന് ഏതെങ്കിലും രോഗബാധ ഉണ്ടെന്ന് ആരും സംശയിച്ചിട്ടു പോലുമില്ല. അദ്ധ്വാന വർഗ്ഗത്തിന് വേണ്ടി ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ യാത്രകളെല്ലാം.കൊറോണ രോഗമുണ്ട് എന്നറിഞ്ഞതിനു ശേഷം വിലക്ക് ലംഘിച്ച് യാത്രകൾ നടത്തി മറ്റുള്ളവരുമായി ഇടപഴുകി എന്ന ധ്വനി ഉണർത്തുന്ന ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ക്രൂരമാണ്. വിദേശത്തു നിന്നും എത്തിയ രോഗ ബാധിതരെ നിർബാധം ജനങ്ങളുമായി ഇടപഴുകാനുള്ള സാഹചര്യം സൃഷ്ടിച്ചതാണ് സ്ഥിതി വഷളാക്കിയത്.എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണുന്നവർ കൊറോണയിലും രാഷ്ട്രീയം കളിക്കുകയാണെന്നും യു ഡി എഫ് നേതാക്കൾ ആരോപിച്ചു.