തൊടുപുഴ : കോറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻമാർക്കും ആരോഗ്യ രക്ഷാപ്രവർത്തകർക്കും പൊലീസ് സേനാഗംങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും പ്രതിരോധ ശക്തിയുള്ള യുണിഫോം വിതരണം ചെയ്യണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും അഭ്യർത്ഥിച്ചു. ജനങ്ങളുടെ രക്ഷക്കായി കർമ്മ നിരതരായി പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അവർകൂടി രോഗത്തിന് അടിപ്പെട്ടാൽ സർവ്വ നാശത്തിന് വഴി ഒരുങ്ങും. ജില്ലാ കളക്ടർ മുതൽ ഏറ്റവും താഴെ തലത്തിൽ ഉള്ളവരുടെ വരെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും പൊതു സമൂഹം അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു എന്നും യു ഡി എഫ് നേതാക്കൾ അനുസ്മരിച്ചു.