രാജാക്കാട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിച്ച സന്നദ്ധ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിൽ രാജക്കാട് ടൗൺ അണുവിമുക്തമാക്കി. രാജക്കാട് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ്, തുടങ്ങി ടൗണും പരിസര പ്രദേശങ്ങളുമാണ് അണുവിമുക്തമാക്കിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച അണുവിമുക്തലായിനി ഉപയോഗിച്ചാണ് ടൗൺ ശുചീകരിച്ചത്. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണം ആവശ്യപ്പെട്ട 19ഓളം വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകി. വരും ദിവസങ്ങളിൽ നിരീക്ഷണത്തിലുള്ളവർക്കും പുറത്ത് ഇറങ്ങാൻ കഴിയാത്ത വയോധികർക്കുമടക്കം പച്ചക്കറികളും റേഷൻ സാധനങ്ങളും എത്തിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് കെ.പി അനിൽ പഞ്ചായത്തംഗങ്ങളായ എ.ഡി സന്തോഷ്, പ്രിൻസ് മാത്യു സന്നദ്ധ പ്രവർത്തകരായ എം.എം ജോഷി, അനീഷ് കെ.പി, അർജ്ജുൻ വി അജയൻ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.