ഇടുക്കി : വട്ടവട ഗ്രാമപഞ്ചായത്തിൽ താമസിച്ചു വന്നിരുന്ന കൊടൈക്കനാൽ സ്വദേശിക്ക് കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വട്ടവട്ടവടയിൽ കൂടുതൽ ജാഗ്രത. നിർമ്മാണ മേഖലയിൽ ജോലിക്കായി ആഴ്ചകൾക്കു മുമ്പ് എത്തിയ ഇയാളെ രോഗ ലക്ഷണങ്ങളെത്തുടർന്ന് കൊടൈക്കനാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. രോഗ ലക്ഷണങ്ങളുള്ള ആളുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഐസൊലേഷൻ സൗകര്യങ്ങളൊരുക്കാനും വട്ടവട പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി പഞ്ചായത്തിന്റെ കീഴിലുള്ള മൾട്ടി അമിനറ്റി ഹബ്ബിന്റെ കെട്ടിടം സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമുള്ള വ്യക്തി താമസിച്ചിരുന്ന വീടും പരിസരവും അണുനാശിനികൊണ്ട് ശുദ്ധീകരിച്ചതായും ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ള വ്യക്തികൾ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാനും പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.