തൊടുപുഴ : കൊറോണ വാർഡിനോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രത്യേക കലവറ പ്രവർത്തനം തുടങ്ങി. ഐസൊലേഷനിൽ കഴിയുന്ന രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, അവരെ പരിചരിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാർ, നഴ്‌സ്മാർ, ജീവനക്കാർ എന്നിവർ ഉൾപ്പെടെ 60 ഓളം പേർക്ക് ദിവസവും അഞ്ച് നേരം വീതമാണ് ഇപ്പോൾ ഇവിടെ നിന്നും ഭക്ഷണം തയ്യാറാക്കി നൽകുന്നത്. കൊറോണ വാർഡിൽ സേവനമനുഷ്ഠിക്കുന്ന നഴ്‌സ്മാരുൾപ്പെടെയുള്ളവർ പൊതുജന സമ്പർക്കം ഒഴിവാക്കുന്നതിനായി ആശുപത്രിയിൽ തന്നെ തയ്യാറാക്കിയ ഹാളിലാണ് താമസിക്കുന്നത്. ഇവർക്കും ഇവിടെ നിന്നാണ് ഭക്ഷണം.കലവറയുടെ നടത്തിപ്പിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യോൽപ്പന്നങ്ങൾ സ്വരൂപിച്ചെത്തിക്കുക. സന്നദ്ധ സംഘടനകളും ഏതാനും വ്യാപാരികളും വ്യക്തികളും കലവറയിലേക്ക് പച്ചക്കറി ഉൾപ്പെടെയുള്ളവ എത്തിച്ചു നൽകി. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ആശാ വർക്കർമാരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. തൊടുപുഴ പുളിമൂട്ടിൽ പെട്രോൾ പമ്പിന്റെ നേതൃത്വത്തിൽ കലവറയിലേക്കുള്ള ആദ്യ ദിവസത്തെ സഹായമെത്തിച്ച് അധികൃതർക്ക് കൈമാറി.
കൂടുതൽ രോഗികളെത്തിയാലും അവരെ പാർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൊറോണ വാർഡിലേക്കും കലവറയിലേക്കും വിവിധ സംഘടനകളുടെ വ്യക്തികളുടെയും സഹായം എത്തുന്നതായും അധികൃതർ സൂചിപ്പിച്ചു.