തൊടുപുഴ: കൊറോണ. ബാധിതരായവരെ ചികിത്സിക്കാൻ തൊടുപുഴ ജില്ലാ ആശുപത്രിയിയിൽ തയ്യാറാക്കിയ കൊറോണ വാർഡിലേക്ക് വിവിധ സന്നദ്ധ സംഘടനകളുടേയും അഭ്യുദയകാംക്ഷികളുടേയും സഹായഹസ്തം. ജില്ലാ ആശുപത്രിയുടെ പണി പൂർത്തീകരിച്ച പുതിയ ബ്ലോക്കാണ് സർക്കാരിന്റെ അടിയന്തിര നിർദ്ദേശത്തെ തുടർന്ന്മണിക്കൂറുകൾക്കുള്ളിൽ കൊറോണാ വാർഡാക്കി മാറ്റിയത്. അധികൃതരോടൊപ്പം നൂറോളം യുവജന സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിടത്തിനുള്ളിലെ നിർമ്മാണ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി വാർഡ് സജ്ജമാക്കുകയായിരുന്നു. രോഗികളെ പാർപ്പിക്കുന്നതിനും കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ കിടക്ക ഉൾപ്പെടെയുള്ളവയും സംഭാവനയായി എത്തിക്കാൻ ഉദ്യോഗസ്ഥരോടൊപ്പം വിവിധ സംഘടനകളും രംഗത്തെത്തി.
തൊടുപുഴ മാർവൽ മാട്രസ്സ്, തൊടുപുഴ ലയൺസ് ക്ലബ്, ലയൻസ് ക്ലബ് മെട്രോ, കേരളാ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ 30 കിടക്കകളും തലയിണകളും ഇതിനോടകം ആശുപത്രിയിലെത്തിച്ചു. ഇതു കൂടാതെ രോഗികൾക്കായുള്ള 10 മേശകൾ ന്യൂമാൻ കോളേജിന്റെ നേതൃത്വത്തിൽ സംഭാവനയായി കഴിഞ്ഞ ദിവസം കൊറോണ വാർഡിലേക്ക് കൈമാറിയിരുന്നു.