കട്ടപ്പന: കട്ടപ്പന നഗരസഭ കുടുംബശ്രീയുടെ സമൂഹ പാചകമുറി ടൗൺ ഹാളിൽ തുറന്നു. മുൻകൂട്ടി അറിയിച്ചവർക്ക് ആദ്യദിനം ഭക്ഷണം വിതരണം ചെയ്തു. രാവിലെ എട്ടുമുതൽ 10 വരെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുവരെ ഉച്ചഭക്ഷണവും വൈകിട്ട് നാലുമുതൽ അഞ്ചുവരെ സായാഹ്ന ഭക്ഷണവും ഇവിടെ നിന്നു വാങ്ങാം. ഉച്ചഭക്ഷണത്തിനു 20 രൂപയും രാവിലത്തെയും രാത്രിയിലെയും ഭക്ഷണത്തിനു 30 രൂപയുമാണ്. ഉച്ചയൂണിനൊപ്പം തോരൻ, ഒഴിച്ചുകൂട്ടാൻ, അച്ചാർ, പപ്പടം എന്നിവയുമുണ്ട്. മൂന്ന് അപ്പവും വെജിറ്റബിൾ കറിയുമാണ് പ്രഭാത ഭക്ഷണം. മൂന്നു ചപ്പാത്തിയും വെജിറ്റബിൾ കറിയും സായാഹ്ന ഭക്ഷണമായി നൽകും. ഭക്ഷണം വാങ്ങാൻ ഒരാൾ മാത്രമേ എത്താൻ പാടുള്ളൂ. ലോഡ്ജുകൾ, ഹോസ്റ്റലുകൾ എന്നിവടങ്ങളിൽ താമസിക്കുന്നരെയും ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെയും ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാചകമുറി പ്രവർത്തനമാരംഭിച്ചത്. നിർധനരായ കിടപ്പുരോഗികൾക്ക് നഗരസഭ സൗജന്യമായി ഭക്ഷണം വീട്ടിൽ എത്തിച്ചുനൽകുന്നുണ്ട്. ഭക്ഷണം ആവശ്യമുള്ളവർ ബുക്ക് ചെയ്യണം. ഫോൺ: 9495078867, 9497684477