ഇടുക്കി: മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ... ടെൻഷനടിക്കേണ്ട... ടെലിഫോണിന്റെ അങ്ങേതലയ്ക്കൽ ആശ്വാസവാക്കുകളും മാർഗനിർദേശവുമായി ഭാരതീയ ചികിത്സാവകുപ്പ് ഒരുങ്ങി. 'ഹലോ ആർ യു ഒക്കേ.' എന്ന പേരിലുള്ള ടെലികൗൺസിലിംഗ് വ്യാഴാഴ്ച തുടങ്ങി. കൊറോണഭീതിയും അടച്ചുപൂട്ടലും നിമിത്തം മുതിർന്നവരും വിദ്യാർത്ഥികളുമൊക്കെ അനുഭവിക്കുന്ന ടെൻഷന് പരിഹാരം കാണാനാണിത്. ജില്ലാ ആയുർവേദ ആശുപത്രി കേന്ദ്രമാക്കിയാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ശുഭ അറിയിച്ചു. ആയുർവേദ ആശുപത്രികളിൽ ഇത്തരത്തിലുള്ള കൂടുതൽപ്പേർ എത്തിയതോടെയാണ് ഇത്തരത്തിൽ പദ്ധതി തയ്യാറാക്കിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, അവരുടെ ബന്ധുക്കൾ, വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർ, പരീക്ഷ മാറ്റിവച്ചതിനെക്കുറിച്ചോർത്ത് ടെൻഷനടിക്കുന്നവർ തുടങ്ങി ആർക്കും ഫോണിൽ ബന്ധപ്പെടാം. ഏതെങ്കിലും തരത്തിൽ മരുന്നുകൾ വേണ്ടവർക്ക് വീട്ടിനടുത്തുള്ള ആയുർവേദ ഡിസ്പൻസറിയിൽ ഇവ ലഭ്യമാക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഡോക്ടർമാരുമായി സംസാരിക്കാം. വിളിക്കുന്നയാളുമായി കുറഞ്ഞത് 15 മിനിറ്റെങ്കിലും സംസാരിക്കാനാണ് നിർദേശം.

വിളിക്കേണ്ട നമ്പറുകൾ: 9447210454 (ഡോ. സി.കെ. ഷൈലജ), 9562788888 (ഡോ. എസ്. ജയകൃഷ്ണൻ).