കട്ടപ്പന: പുളിയൻമലയിലെ കട്ടപ്പന നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ മോട്ടോർ മോഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് ഹോസും കേബിളുകളും മുറിച്ചുമാറ്റിയ ശേഷം ഒന്നര എച്ച്.പിയുടെ മോട്ടോർ കടത്തിയത്. സ്ലോട്ടർ ഹൗസിലടക്കം വെള്ളം എത്തിക്കുന്നതിനാണ് പ്ലാന്റിനോടു ചേർന്നുള്ള കുളത്തിൽ അഞ്ചുദിവസം മുമ്പാണ് പുതിയ മോട്ടോർ സ്ഥാപിച്ചത്. വെള്ളിയാഴ്ച പകലും മോട്ടോർ പ്രവർത്തിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. നഗരസഭ ആരോഗ്യവിഭാഗം വണ്ടൻമേട് പൊലീസിൽ പരാതി നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡിമേരി, ബിനിഷ് ജേക്കബ് എന്നിവർ സ്ഥലത്തെത്തി. വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.