തൊടുപുഴ: ജില്ലാ ഭരണകൂടവും തൊടുപുഴ നഗരസഭയും ചേർന്ന് തെരുവിൽ കഴിയുന്നവർക്ക് എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്‌കൂളിൽ താത്കാലിക അഭയമൊരുക്കി. സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള 12 പേരാണ് സ്‌കൂളിലെ ക്ലാസ് മുറികളിൽ അന്തിയുറങ്ങുന്നത്. നഗരസഭയുടെ സാമൂഹിക അടുക്കളയിൽ നിന്ന് ഇവർക്ക് മൂന്ന് നേരവും ആഹാരം എത്തിച്ചു നൽകും. ആവശ്യത്തിന് വെള്ളവും വെളിച്ചവമുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിലെ നിർമാണ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്. തെരുവിൽ കഴിയുന്നവരെയും രോഗഭീതിയിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. കൂടുതൽപേരെ കണ്ടെത്തി സ്‌കൂളിലെത്തിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നഗരസഭയുടെ ആംബുലൻസിൽ സുരക്ഷ സംവിധാനങ്ങളോടെയാണ് ഇവരെ കൊണ്ടുവരുന്നത്. ആരോരുമില്ലാതെ അലയുന്ന തങ്ങൾക്ക് ലഭിച്ച താത്കാലിക അഭയത്തിൽ സന്തുഷ്ടരാണ് എല്ലാവരും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ സ്‌കൂളിലെത്തി അന്തേവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്‌കൂളിലെ താമസ സ്ഥലത്തെ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി. നഗരസഭ ചെയർപേഴ്‌സൻ സിസിലി ജോസ്, കൗൺസിലർ ഷാഹുൽ ഹമീദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.