മുട്ടം: കൊറോണ പ്രതിരോധത്തിനായി ഐക്യ മല അരയ മഹാസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകും. ആദ്യഘട്ടത്തിൽ ഒരു ലക്ഷം രൂപയാണ് നൽകുന്നത്. സമുദായാംഗങ്ങളിൽ നിന്ന് സമാഹരിച്ചാണ് തുക നൽകുന്നത്. കൂടാതെ കോട്ടയം ജില്ലയിലെ മുരിക്കുംവയലിൽ മഹാസഭയുടെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളജ് കെട്ടിടങ്ങളും കുളമാവ് നാടുകാണിയിലെ നിർദ്ദിഷ്ട ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ കെട്ടിടങ്ങളും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിന് വേണ്ടി നൽകും. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യ മലയരയ മഹാസഭ സന്നദ്ധമാണെന്നും ഉൾപ്രദേശങ്ങളിൽ അധിവസിക്കുന്ന ആദിവാസി ജനവിഭാഗങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി സഭയുടെ സന്നദ്ധ സേവകർ തയ്യാറാണെന്നും അറിയിച്ചു.