corona-

ഇടുക്കി: കൊറോണ ഭീതിയിൽ നാട്ടുകാരും വീട്ടുകാരും അകറ്റി നിറുത്തിയതിനെ തുടർന്ന് മാനസികനില തെറ്റിയ യുവാവ് 90 വയസുകാരിയെ കഴുത്തിൽ കടിച്ചു കൊലപ്പെടുത്തി.ശ്രീലങ്കയിൽ തുണിക്കച്ചവടത്തിന് പോയി വന്നതായിരുന്നു യുവാവ്. തമിഴ്‌നാട്ടിൽ ബോഡിക്കടുത്ത് ജക്കമ്മ നായ്ക്കൽപ്പെട്ടി ഗ്രാമത്തിലെ നാച്ചിയമ്മാൾ (90) എന്ന വൃദ്ധയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. പ്രതി മണികണ്ഠൻ (34) പൊലീസ് കാവലിൽ കാണാവിളക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മണികണ്ഠൻ തമിഴ്‌നാട്ടിൽ നിന്ന് വസ്ത്രങ്ങൾ ശ്രീലങ്കയിൽ എത്തിച്ചു വില്പന നടത്താറുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ശ്രീലങ്കയിൽ നിന്ന് വന്നത്. കൊറോണ ബാധിതനാണെന്ന സംശയത്തിനാൽ ബന്ധുക്കളടക്കമുള്ള നാട്ടുകാർ അകറ്റി നിറുത്തി. മനോനില തകർന്ന മണികണ്ഠൻ വെള്ളിയാഴ്ച വൈകിട്ട് നഗ്നനായി റോഡിലൂടെ ഓടവേ രണ്ടു കിലോമീറ്റർ അകലെ വീടിന് മുന്നിൽ കിടന്നിരുന്ന നാച്ചിയമ്മയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ മണികണ്ഠനെ പിടികൂടി പൊലീസിന് കൈമാറി. സമീപവാസികളുടെ മർദ്ദനത്തിൽ മണികണ്ഠനും പരിക്കേറ്റു. രണ്ടു പേരെയും ബോഡി കാണാവിളക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു. രാത്രി 10 മണിയോടെ നാച്ചിയമ്മ മരണമടഞ്ഞു.