തൊടുപുഴ: ലോക്ക് ഡൗൺ ജാഗ്രതയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി. തൊടുപുഴ താലൂക്കിന്റെ പരിധിയിലുള്ള വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷ ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി. തൊടുപുഴ നഗരസഭ, മുട്ടം, കരിമണ്ണൂർ, ആലക്കോട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.സമൂഹ അടുക്കള കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾ പാലിക്കേണ്ടുന്ന കാര്യങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ ഇവർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി.തൊടുപുഴ താലൂക്കിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സമൂഹ അടുക്കള കേന്ദ്രങ്ങളിലും അടുത്ത ദിവസങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. ലോക്ക് ഡൗൺ ജാഗ്രതയുടെ ഭാഗമായി തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ ഇവർ പരിശോധന കർക്കശമാക്കും.