തൊടുപുഴ: ജില്ലയിലെ ഏലം കൃഷിക്കാർ ഉൾപ്പെടെയുള്ള ചെറുകിട കൃഷിക്കാർക്ക് വിത്തും നിയന്ത്രിതമായി കീടനാശിനിയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇടുക്കിയിൽ കനത്ത വേനലിൽ ചെടികൾ നശിക്കുന്ന അവസ്ഥയിലാണ്. അതോടൊപ്പം കൊറോണയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടർന്ന് സമയാസമയങ്ങളിൽ ഏലച്ചെടികൾ കീടനാശിനികൾ തളിക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ട്. ഏലം കൃഷിയുടെ പ്രത്യേകതമൂലം മാസത്തിലൊരിയ്ക്കൽ കീടനാശിനി തളിച്ചാൽ മാത്രമേ ഏലച്ചെടികൾ നിലനിറുത്താനാകൂ. വളവും കീടനാശിനിയും സംഭരിച്ചു വയ്ക്കാൻ ചെറുകിട കർഷകർക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ വിത്തും കീടനാശിനിയും അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ചെറുകിട കർഷകർക്ക് വിത്തും കീടനാശിനിയും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.