തൊടുപുഴ : കൊറോണ പ്രതിരോധ പ്രവർത്തണങ്ങൾക്ക് സഹായം നൽകുന്ന പൊലിസ് ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും കൂടി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലുള്ള ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യമന്ത്രിയ്ക്കും കത്ത് നൽകി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പാക്കേജ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഒപ്പം തന്നെ പോലിസ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി മുൻ നിരയിൽ നിൽക്കുന്നുവെന്നത് ഏറെ പ്രശംസിനീയമാണെന്നും എം.പി. പറഞ്ഞു.