പുറപ്പുഴ : അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതർ കേട്ടത് ' അരിയില്ല ചോറില്ല ' എന്നുള്ള പരാതി. ഇതിനെ തുടർന്നു പുറപ്പുഴ ഗ്രാമപഞ്ചായ്ത് ഭരണ സമിതിയെ വിവരം അറിയിച്ചു. അടിയന്തര മീറ്റിംഗിൽ അരിയുൾപ്പടെയുള്ള ഭക്ഷണ സാമഗ്രികൾ വാങ്ങിച്ച് നൽകുന്നതിന് തീരുമാനമെടുത്തു. ഒരു മണിക്കൂറിനുള്ളിൽ രണ്ട് ക്യാമ്പുകളിലുള്ള 100 പേർക്ക് അരി ഉപ്പടെയുള്ള ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തു. പുറപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത് പരിധിയിലുള്ള എട്ട് അതിഥി തൊഴിലാളി ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. മെഡിക്കൽ ഓഫീസ ർ ഡോ. രേഖാ ശ്രീധർ, ഹെൽത്ത് ഇൻസ്‌പെക്ടർ വർഗീസ് എൻ. സി .എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്യാമ്പുകളിൽ കൊറോണ വൈറസിനെക്കുറിച്ചു ബോധവല്കരണവും മറ്റ് നിർദ്ദേശങ്ങളും നൽകി. ഇവരുടെ ഭക്ഷണം, പാർപ്പിടം, ശുചിത്വം എന്നിവ നോക്കേണ്ടത് ലോഡ്ജ് ഉടമയുടേയും കോൺട്രാക്ടറുടേയും ചുമതലയാണെന്നും അത് അവർ പാലിക്കണമെന്നുള്ള നിർദ്ദേശം രേഖാമൂലം പഞ്ചായത്ത് നൽകി. അരിവിതരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വൈസ് പ്രസിഡന്റ് റെനീഷ് മാത്യു, വാർഡ് മെമ്പർ ടോമിച്ചൻ മുണ്ടുപാലം, എന്നിവർ നേതൃത്വം നൽകി.