കട്ടപ്പന: വരുമാനം നിലച്ച നിർധന കുടുംബങ്ങൾക്ക് കരുതലൊരുക്കി കട്ടപ്പന ജനമൈത്രി പൊലീസ്. പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കുടുംബങ്ങൾക്ക് ആഴ്ചകളോളം കഴിയാനുള്ള ഭക്ഷ്യവസ്തുക്കളടക്കം എത്തിച്ചുനൽകുന്നത്. കഴിഞ്ഞദിവസം നരിയംപാറയിലെ വാടകവീട്ടിൽ കഴിയുന്ന കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചുനൽകി. വാഹനവുമായി എത്തിച്ചേരാൻ കഴിയാത്ത സ്ഥലമായതിനാൽ എസ്.ഐ. സന്തോഷ് സജീവ് അടക്കമുള്ള ഉദ്യോഗസ്ഥർ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകുകയായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ പാചകവാതക സിലിണ്ടറും നൽകി. കട്ടപ്പനയിലെ ബോർമയിൽ ജോലി ചെയ്യുന്ന യുവതിയും രണ്ടുമക്കളും മാതാവുമാണ് ഇവിടെ കഴിയുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിത്യവരുമാനം നിലച്ച ഇവർ ഭക്ഷണത്തിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഏതാവശ്യത്തിനും പോലീസിനെ മടികൂടാതെ വിളിക്കണമെന്നു നിർദേശിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.