കട്ടപ്പന: സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപന ശാലകൾക്കും ബാറുകൾക്കും പൂട്ടുവീണതോടെ വ്യാജമദ്യ ലോബികൾ ചുവടുറപ്പിക്കുന്നതായി എക്‌സൈസ് ഇന്റലിജൻസ് റിപ്പോർട്ട്. തോട്ടങ്ങളിൽ തൊഴിലാളികളില്ലാത്തതിനാൽ വൻതോതിലാണ് വ്യാജമദ്യം തയാറാക്കുന്നത്. തോട്ടം, വന മേഖലകളിലും കേരളതമിഴ്‌നാട് അതിർത്തിയായ ചതുരംഗപ്പാറ മുതൽ കമ്പംമെട്ട് മൂങ്കിപ്പള്ളം വരെയുള്ള മേഖലകളിലും വ്യാജമദ്യ സംഘങ്ങൾ സജീവമായതായാണ് വിവരം. തമിഴ്‌നാട് റിസർവ് ഫോറസ്റ്ററിലെ ഉൾക്കാടുകളിലാണ് വാറ്റുകേന്ദ്രങ്ങൾ നിർമിക്കുന്നത്. കോട തയാറാക്കുന്നതിനുള്ള ശർക്കരയും മറ്റു അസംസ്‌കൃത വസ്തുക്കളും തമിഴ്‌നാട്ടിൽ നിന്നു സമാന്തരപാതകളിലൂടെ തലച്ചുമടായി എത്തിക്കുന്നു.