തൊടുപുഴ: കോൺഗ്രസ് നേതാവിന്റെ കൊറോണ രോഗബാധ എവിടെ നിന്നെന്ന് കണ്ടെത്തുക ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നു. ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ സംഘടന നേതാവായ അദ്ദേഹം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സഞ്ചരിച്ച് ഒട്ടേറെപേരുമായി ഇടപഴകിയിരുന്നു. ചുരുങ്ങിയത് മൂവായിരം പേരെങ്കിലും സമ്പർക്ക പട്ടികയിൽ വരും. അവരെ എല്ലാവരെയും കണ്ടെത്തുകയെന്നത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്. അതിനിടെ സൈബര് സെല്ലിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ റൂട്ട് മാപ്പിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമവും അധികൃതർ തുടങ്ങിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ആദ്യം പുറത്തിറക്കിയ സഞ്ചാര പഥത്തിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റൂട്ട് മാപ്പ് പുതുക്കിയിരുന്നു. ഇദ്ദേഹം ഒട്ടേറെ തവണ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സഞ്ചരിച്ചു. അവിടെ നിന്നാണോ രോഗം പകർന്നതെന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. നേതാവുമായി അടുത്തിടപഴകിയ ആയിരത്തോളം പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഏകാദ്ധ്യാപകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമരത്തിൽ ഇദ്ദേഹത്തോടൊപ്പം പങ്കെടുത്ത ഇടുക്കി ജില്ലയിലെ രണ്ട് അദ്ധ്യാപികമാർക്ക് പനി ബാധിച്ചിരുന്നു. ഇവരും നിരീക്ഷണത്തിലാണ്.