അടിമാലി: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സർക്കാരിന്റെ യാതൊരു സഹായവും ലഭിക്കാതെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന നിർമ്മാണ തൊഴിലാളികൾ ദുരിതത്തിൽ. ജില്ലയിൽ മാത്രം ഈ വിഭാഗത്തിൽ അര ലക്ഷത്തിൽ കൂടുതൽ പേരുണ്ട്. ഇവരെല്ലാം അന്നന്ന് പണിയെടുത്ത് ഉപജീവനം നടത്തുന്നവരുമാണ്. സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും താമസ സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതേ ജോലികൾ തന്നെ ചെയ്യുന്നവരാണ് ഇവിടത്തെ അസംഘടിതരായ നിർമ്മാണ തൊഴിലാളികൾ. ഇവർക്ക് തൊഴിൽ ഇല്ലാതായീട്ട് രണ്ട് ആഴ്ചയാകുന്നു. ഇവരിൽ പകുതിയും വാടക വീടുകളിലും ലയങ്ങളിലുമാണ് താമസം. ഇവർക്കായി സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളിയുടെ ആശ്രിതർക്ക് മാറാരോഗം പിടിപ്പെട്ടാൽ രണ്ടായിരം രൂപ ലഭിക്കുമെന്നും കൂടുതൽ സഹായം സംബന്ധിച്ച് അടുത്ത ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും ക്ഷേമനിധി ബോർഡ് സെക്രട്ടറി പറയുന്നു .എന്നാൽ ഇത് നാമമാത്ര മായവർക്ക് മാത്രമാണ് ലഭിക്കുകയെന്ന് തൊഴിലാളികളും പറയുന്നു. നിലവിലെ അവസ്ഥയിൽ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ച് അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആൾ കേരള ആർട്ടിസാൻസ് ആന്റ് പെയിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കോയ അമ്പാട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.