തൊടുപുഴ: കൊറോണ രോഗബാധയെ തുടർന്നുണ്ടായ ലോക്ക്ഡൗൺ നടപടികൾ മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന ചെറുകിട കർഷകരെയും കർഷകത്തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന് കേരള കോൺഗ്രസ് (എം)​ ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി ആവശ്യപ്പെട്ടു. വിളവെടുപ്പിനു പാകമായ പഴം പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കൾ സംഭരിക്കുന്നതിനും വിൽക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കണം. ഭൂമി പാട്ടത്തിനെടുത്ത് പൈനാപ്പിൾ കൃഷി ചെയ്തുവരുന്ന കർഷകർ വലിയ സാമ്പത്തിക തകർച്ചയാണ് നേരിടുന്നത്. ഇത്തരം കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാർ തയ്യാറാകണം. സാമ്പത്തിക മാന്ദ്യം പരിഗണിച്ച് അഞ്ച് ഏക്കർ വരെ ഭൂമിയുള്ള കർഷകരെ അഞ്ചു വർഷത്തേക്ക് എല്ലാവിധ നികുതികളിൽ നിന്നും ഒഴിവാക്കണം. വായ്പകൾക്കുള്ള മൊറട്ടോറിയത്തിന് പകരം പ്രസ്തുത കാലയളവിൽ കർഷകർ അടയ്ക്കേണ്ട പലിശ ധനകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ നേരിട്ടു നൽകണം. രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് വഴി നടന്നുകൊണ്ടിരിക്കുന്ന അണ്ടർ വാലുവേഷൻ നടപടികൾ പൂർണമായി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.