തൊടുപുഴ: മത്സ്യമാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന അഞ്ച് കടകൾക്കെതിരെ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും ലൈസൻസുകളും ബില്ലുകളും സൂക്ഷിക്കാത്തതിനുമാണ് കേസെടുത്തത്. ഇന്നലെ രാവിലെ 11 മുതൽ തുടങ്ങിയ പരിശോധന ഒന്നര മണിക്കൂറോളം നീണ്ടു. പല ചില്ലറ വിൽപ്പനശാലകളിലും മുളക്, മുരിങ്ങക്ക, ഉള്ളി, സവാള തുടങ്ങിയവയ്ക്ക് വിലകൂട്ടി വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് ഈടാക്കിയ തുകയുടെ അടിസ്ഥാനത്തിലാണ് വിലയിട്ടിരിക്കുന്നതെന്ന് ചില്ലറവ്യാപാരികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. ന്യായവിലയേ ഈടാക്കാവുള്ളൂവെന്നും മൊത്തവിതരണക്കാർ അമിതവില ഈടാക്കുന്നുണ്ടെങ്കിൽ ബില്ല് നൽകിയാൽ നടപടിയെടുക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ, റേഷൻ ഇൻസ്‌പെക്ടർ ടി.എസ്. ജയൻ എന്നിവരാണ് പരിശോധന നടത്തിയത്.