തീറ്റപ്പുൽ, കാലിത്തീറ്റ ക്ഷാമം രൂക്ഷം
കട്ടപ്പന: തീറ്റപ്പുല്ലിന്റെ ക്ഷാമവും തമിഴ്‌നാട്ടിൽ നിന്നുള്ള ചോളത്തിന്റെ വരവും നിലച്ചതോടെ ക്ഷീര മേഖല കടുത്ത പ്രതിസന്ധിയിൽ. കാലിത്തീറ്റ വിലയും ഉയർന്നതോടെ ക്ഷീര കർഷകർ നട്ടംതിരിയുകയാണ്. കൊടുംവേനലിൽ തീറ്റപ്പുൽ കൃഷി പൂർണമായി കരിഞ്ഞുണങ്ങി നശിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് കാലിത്തീറ്റയും ഇപ്പോൾ കിട്ടാനില്ല. വെള്ളവും കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന പ്ലാവിന്റെ ഇലയും മാത്രമാണ് കന്നുകാലികൾക്ക് കൊടുക്കുന്നത്. കൃഷിയിടങ്ങളിൽ തീറ്റപ്പുല്ല് ഇല്ലാതായതോടെ ഹൈറേഞ്ച് കർഷകർ പുൽമേടുകളിലും വനാതിർത്തികളിലും അവേശഷിക്കുന്ന പുല്ല് തേടിപ്പോകുകയാണ്. പകൽച്ചൂട് ഏറിയതോടെ കിടാരികൾക്ക് നിർജലീകരണം സംഭവിക്കാതിരിക്കാൻ മൂന്നുതവണ കുളിപ്പിക്കേണ്ട സ്ഥിതിയുമാണ്. തുടർച്ചയായ പ്രളയത്തെ തുടർന്ന് പാടശേഖരങ്ങളിൽ ചെളിയടിഞ്ഞ് തീറ്റപ്പുല്ല് കൃഷി പൂർണമായി നശിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള ചോളത്തണ്ടായിരുന്നു ഏക ആശ്രയം. എന്നാൽ ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ചോളത്തണ്ട് കയറ്റുമതി നിലച്ചു. മുമ്പ് ശേഖരിച്ചുവച്ചിരുന്ന ചോളത്തണ്ടാണ് കഴിഞ്ഞദിവസങ്ങളിൽ വരെ നൽകിയിരുന്നത്.
ലോക്ക്ഡൗൺ ഇനിയും രണ്ടാഴ്ച കൂടിയുള്ളതിനാൽ പ്രതിസന്ധി അതിരൂക്ഷമാകും. പ്രതിസന്ധിയിലായ ക്ഷീര മേഖലയെ പിടിച്ചുനിർത്താൻ വേനൽക്കാല ഇൻസെന്റീവ് പ്രഖ്യാപിക്കണം
- മധു, നരിയംപാറ (ക്ഷീര കർഷകൻ)
ചോളത്തണ്ട് വരവ് നിലച്ചു
തമിഴ്‌നാട്ടിൽ മൂന്നുവർഷം മുമ്പ് വരെ 60 സെന്റ് സ്ഥലത്തെ ചോളത്തണ്ടിന് 15,000 രൂപ വരെയായിരുന്നു വില. എന്നാൽ കേരളത്തിൽ ആവശ്യക്കാരേറിയതോടെ വില മൂന്നിരട്ടിയായി 45,000 രൂപയിലെത്തി. തമിഴ്‌നാട്ടിൽ നിന്നു വാങ്ങുന്ന ചോളത്തണ്ട് വാഹനത്തിൽ കേരളത്തിലെത്തിക്കണമെങ്കിൽ 4000 രൂപ ചെലവാകും. തമിഴ്‌നാട്ടിലെ കമ്പം, മീനാക്ഷിപുരം, പാളയം എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നത്. മൂന്നുമാസമാണ് ചോളം വിളവെടുപ്പിനു പാകമാകുന്നത്. എന്നാൽ കാലിത്തീറ്റക്കായി കൃഷി ചെയ്യുന്ന ചോളം പകുതി വളർച്ച എത്തുമ്പോഴേയ്ക്കും വെട്ടിയെടുക്കുന്നതിനാൽ അളവിലും കുറവുണ്ടാകുന്നു. തമിഴ് കർഷകർ പരമാവധി 40 ദിവസത്തിനുള്ളിൽ ചോളം വെട്ടിമാറ്റി അടുത്ത കൃഷിയിറക്കും. ചോളത്തിലെ കീടബാധ തടയാൻ കീടനാശിനിയും വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. ഇതു കാലികൾക്കും ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നു.