ഇടുക്കി: നിത്യോപയോഗ അവശ്യസാധനങ്ങളുടെ നീക്കം സുഗമമാക്കുന്നതിന് വാഹനത്തിന് പാസ് തഹസീൽദാർമാരും ജീവനക്കാർക്ക് രോഗലക്ഷണമില്ലെന്നുള്ള സർട്ടിഫിക്കറ്റ് ആരോഗ്യവകുപ്പും നൽകുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ചേമ്പറിൽ ചേർന്ന വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ പൂർണ്ണതോതിൽ ശേഖരിക്കും. തികയാതെ വരുന്നതായിരിക്കും അയൽ സംസ്ഥാനത്ത് നിന്ന് സംഭരിക്കുന്നത്. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരാണ് സാമഗ്രികൾ എടുക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണുമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സംഭരണ സംസ്ഥാനത്തെ പരിശോധനയ്ക്കും സർട്ടഫിക്കറ്റ് ഉപയോഗിക്കാം. ചരക്കെടുക്കാൻ വാഹനങ്ങൾക്ക് ചില ചെക്പോസ്റ്റുകളിൽ തടസം ഉണ്ടാകുന്നെന്ന വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗംവിളിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കാൻ സൗകര്യമുള്ളിടത്ത് അവരുടെ ഇഷ്ടപ്രകാരം ഭക്ഷണം ഉണ്ടാക്കുന്നതിന് ഭക്ഷ്യോപയോഗ സാധനങ്ങൾ നൽകുന്നതിനും തീരുമാനിച്ചു. സൗകര്യമില്ലാത്തിടങ്ങളിൽ മാത്രമായിരിക്കും ഇനി ഭക്ഷണം പാകം ചെയ്തു നൽകുക. പരമ്പരാഗത കാനന പാതയിലൂടെയുള്ള ജില്ലയിലേക്കുള്ള സംസ്ഥാനന്തര സഞ്ചാരം കർശനമായി നിരോധിക്കും. വനം വകുപ്പും പൊലീസും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പൈനാവ് എസ്.ബി.ഐ പ്രതിരോധ പ്രവർത്തകർക്കായി തയ്യാറാക്കിയ 600 മുഖാവരണവും ആറ് ലിറ്റർ സാനിറ്റൈസറും മാനേജർ ശ്യാംകുമാർ ജില്ലാകളക്ടർക്ക് കൈമാറി.