ഇടുക്കി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ ടൗണും പരിസരവും അണുവിമുക്തമാക്കി ഏലപ്പാറ പഞ്ചായത്ത്. സർക്കാർ നിർദേശപ്രകാരമാണ് പഞ്ചായത്ത് വിവിധ പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. പഞ്ചായത്തിൽ ഓരോ വാർഡിലും ശുചീകരണത്തിനായി മേണിറ്ററിംഗ് കമ്മറ്റിക്ക് രൂപം നൽകി. ഈ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഓരോ വാർഡിലും ശുചീകരണം നടത്തുന്നത്. ശുചീകരണ പ്രവർത്തനം ഉൾപ്പെടെ കോവിഡ് പ്രതിരോധവും മുൻകരുതലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കി വരുന്നതായി ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രൻ പറഞ്ഞു. ഏലപ്പാറയിലും വാഗമണ്ണിലുമായി രണ്ട് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, പൊതു പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തി വരുന്നത്. പ്രവർത്തകരുടെ എണ്ണം കൂടാതെയും മുൻകരുതലുകൾ സ്വീകരിച്ചുമാണ് ടൗണിലും വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചീകരണത്തോടൊപ്പം ഏലപ്പാറ ടൗൺ അണുവിമുക്തമാക്കുകയും ചെയ്തു.