thira

കട്ടപ്പന: കുമളിയിലെ വാറ്റുകേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്ത തിരകൾ സൈന്യം ഉപയോഗിക്കുന്നതെന്നു കണ്ടെത്തി. സംഭവത്തിൽ വിമുക്ത ഭടന്മാരെ കേന്ദ്രീകരിച്ച് പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. ഞായറാഴ്ച കുമളി ആറാംമൈലിലുള്ള ബാംബു നെസ്റ്റ് എന്ന സ്വകാര്യ റിസോർട്ടിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്ന് 2000 ലിറ്റർ കോടയും രണ്ടുലിറ്റർ വ്യാജമദ്യവും പിടിച്ചെടുത്തിരുന്നു.

പിടിയിലായ പ്രതി ഇല്ലിമൂട്ടിൽ ജിനദേവന്റെ മുറി പരിശോധിച്ചപ്പോഴാണ് നാടൻ തോക്കും തിരകളും കണ്ടെത്തിയത്. എക്‌സൈസ് നടത്തിയ പരിശോധനയിൽ വെടിയുണ്ടകളിൽ ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തി. സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ടകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതിനോ കൈവശം സൂക്ഷിക്കുന്നതിനോ നിയമപരമായി അധികാരമില്ല. റിസോർട്ട് നടത്തിപ്പുകാരനായ ജിനദേവന് ഈ തിരകൾ എവിടെനിന്നു ലഭിച്ചുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ജിനദേവനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തിരകൾ എവിടെനിന്നു ലഭിച്ചെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.