koda
രാമക്കൽമേട് വ്യൂ പോയിന്റിനു സമീപത്തുനിന്നു പിടിച്ചെടുത്ത കോട എക്‌സൈസ് ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു.

കട്ടപ്പന: രാമക്കൽമേട് വ്യൂ പോയിന്റിനു സമീപം എക്‌സൈസ് നടത്തിയ പരിശോധനയിൽ 600 ലിറ്റർ കോട പിടികൂടി. എക്‌സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഉടുമ്പൻചോല റേഞ്ച് ഓഫീസ് സംഘം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട് അതിർത്തിയിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ചിരുന്ന കോട പിടിച്ചെടുത്ത് നശിപ്പിച്ചത്. അതിർത്തി മേഖലകളിൽ വാറ്റുകേന്ദ്രങ്ങൾ സജീവമാകുന്നതായി തിങ്കളാഴ്ച 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. കുമളി ആറാംമൈലിൽ നിന്ന് 2,​000 ലിറ്റർ കോടയും രണ്ട് ലിറ്റർ വ്യാജമദ്യവും തിങ്കളാഴ്ച പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫീസർ ടി.ആർ. സതീഷ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എം.പി. പ്രമോദ്, സി.ഇ.ഒമാരായ എം.കെ. ഷാജി, ജോർജ്, വി.ജെ. ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബീവറേജസ് മദ്യവിൽപന ശാലകളും ബാറുകളും പൂട്ടിയതോടെ വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ കൂണുപോലെ മുളയ്ക്കുകയാണ്.