കട്ടപ്പന: ലോക്ക് ഡൗൺ കാലത്ത് മോഷ്ടിച്ചതിലുള്ള കുറ്റബോധം കള്ളനെ മാറ്റി ചിന്തിപ്പിച്ചു. മാനസാന്തരപ്പെട്ട ഇയാൾ മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നു കടത്തിയ മോട്ടോർ മൂന്നുദിവസത്തിനു ശേഷം തിരികെയെത്തിച്ച് തടിതപ്പി. പുളിയൻമലയിലുള്ള നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്നു മോഷ്ടിച്ച മോട്ടോറാണ് ഇന്നലെ തിരിച്ചുകിട്ടിയത്. ഇവിടുത്തെ കുളത്തിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഒന്നര എച്ച്.പിയുടെ പുതിയ മോട്ടോറാണ് 27ന് രാത്രി മോഷണം പോയത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരാതിയിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്ലാന്റിൽ ആരുമില്ലാത്ത സമയത്ത് മോഷ്ടാവ് മോട്ടോർ തിരികെയെത്തിച്ചത്.