തൊടുപുഴ: ലോക്ക് ഡൗൺ ജാഗ്രത പ്രവർത്തനങ്ങൾക്ക് സഹായകമായി യുവജന ക്ഷേമ ബോർഡിന്റെ അയ്യായിരത്തിൽപ്പരം വോളിന്റിയർമാർ ജില്ലയിൽ സജ്ജമാകുന്നു. കേരള വോളിന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് (കെ.വി.വൈ.എ.എഫ്) എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. പ്രളയ ദുരന്ത പ്രവർത്തനങ്ങളെ തുടർന്നാണ് കെ.വി.വൈ.എ.എഫിന്റെ സാദ്ധ്യതകൾ സംബന്ധിച്ച് സർക്കാരിനും യുവജന ക്ഷേമ ബോർഡിനും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോർഡാണ് ഇത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സഹകരിക്കാൻ താല്പര്യപ്പെട്ട് മുന്നോട്ട് വന്ന യുവജനങ്ങൾക്ക് സർക്കാർ തലത്തിൽ ശാസ്ത്രീയ പരിശീലനം നൽകി വരുന്നു. ഫോഴ്സിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരു വിഭാഗത്തിന് മൂന്ന് ഘട്ടങ്ങളിലുള്ള പരിശീലനം നൽകി കഴിഞ്ഞു . ഇവർക്കുള്ള തുടർ പരിശീനങ്ങളും അടുത്ത വിഭാഗത്തിനുള്ള വിവിധ ഘട്ടങ്ങളിലുള്ള പരിശീലനവും ലോക്ക് ഡൗൺ ജാഗ്രത നിർദേശം പിൻവലിക്കുന്നതിനനുസരിച്ച് നൽകും. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് എന്നീ ജില്ലകളിൽ പ്രാഥമികമായി നടത്തിയ പദ്ധതി വൻ വിജയം കണ്ടതിനെ തുടർന്നാണ് ഇടുക്കി ഉൾപ്പടെയുള്ള മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഫോഴ്‌സിന്റെ സേവനം പ്രധാനമായും ഉപയോഗിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിരിക്കുന്ന യുവജന ക്ഷേമ ബോർഡിന്റെ യൂത്ത് കോർഡിനേറ്ററുടെ നേതൃത്വത്തിലാണ് പ്രാദേശികമായി ഇവർ പ്രവർത്തിക്കുന്നതും. ചുവപ്പ് നിറമുള്ള ടീ ഷർട്ടും കറുപ്പ് നിറമുള്ള ലോവറുമാണ് ഫോഴ്‌സിന്റെ ഡ്രസ് കോഡ്. ഇവർക്കുള്ള അംഗീകൃത ഐഡി കാർഡ് വിവിധ ഘട്ടങ്ങളിലുള്ള പരിശീലനത്തിന് ശേഷമാണ് നൽകുന്നത്.
ലക്ഷ്യം
ദുരന്ത നിവാരണം, പാലിയേറ്റിവ്, ഹരിത കർമ്മ സേന, ശുചിത്വ മിഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിച്ച് ക്രിയാത്‌മകമായി പ്രവർത്തിക്കുക എന്നതാണ് കേരള വോളിന്റിയർ യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ പ്രാഥമികമായ ലക്ഷ്യം.
"വികസന ക്ഷേമ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സേവനങ്ങളും പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം"
-ബിന്ദു വി.എസ് (ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ)