കട്ടപ്പന: ലോക്ക്ഡൗണിൽ സർവവും തകർന്നടിഞ്ഞ് ഇടുക്കിയിലെ കാർഷിക മേഖല. വിളവെടുത്ത ഉത്പന്നങ്ങളൊന്നും വിൽക്കാനാകാതെ ചങ്കുതകർന്ന് കർഷകരും. പ്രളയങ്ങളെ അതിജീവിച്ച് കാർഷിക മേഖല കരുപ്പിടിപ്പിക്കുമ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപനവും തുടർന്ന് വിപണികൾ പൂട്ടിയതും. തോട്ടങ്ങളിൽ ജോലികളും ജലസേചനവും നിലച്ചതോടെ ചെറുകിട, വൻകിട കർഷകരെല്ലാം വെട്ടിലായി. കാർഷിക മേഖലയെ പിടിച്ചുനിർത്തുന്ന ഏലം കൃഷിയും പ്രതിസന്ധിയിലാണ്. വേനൽ കടുത്തതോടെ ജലസ്രോതസുകളെല്ലാം വറ്റിവരണ്ടുകഴിഞ്ഞു. ഇതോടെ ദിവസവും ജലസേചനം നടത്താനുള്ള വെള്ളവുമില്ല. സർവമേഖലകളും നിലച്ചതിനാൽ ലോക്ക്ഡൗണിനു ശേഷവും വിപണിയിൽ ഉണർവുണ്ടാകാനും കാർഷിക മേഖലയെ തിരിച്ചുകൊണ്ടുവരാനും മാസങ്ങളോളം വേണ്ടിവരും. ഭേദപ്പെട്ട വിലയുണ്ടെങ്കിലും കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ആഭ്യന്തര വിപണികൾ പൂട്ടുകയും കയറ്റുമതി നിലയ്ക്കുകയും ചെയ്തതോടെ ഏലക്കാ വിൽപന പൂർണമായി നിലച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്‌പൈസസ് ബോർഡിന്റെ ഇ​- ലേലവും നിറുത്തി. ഏലയ്ക്കാ വില സർവകാല റെക്കോർഡിൽ നിന്നു ഇടിഞ്ഞ് 2200 രൂപയായി കുറഞ്ഞെങ്കിലും കർഷകർ പ്രതീക്ഷയിലായിരുന്നു. മലഞ്ചരക്ക് സ്ഥാപനങ്ങൾ തുറക്കണമെന്നു ആവശ്യമുയർന്നെങ്കിലും നടപടിയായിട്ടില്ല. ഏലത്തോട്ടങ്ങളിൽ ജോലികൾക്ക് അനുമതിയുണ്ടെങ്കിലും തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികൾ എത്തുന്നില്ല. ജലസേചന സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ഏലച്ചെടികൾ കരിഞ്ഞുണങ്ങുകയാണ്. ഉൽപാദനക്കുറവും വിലയിടിവും മൂലം കുരുമുളകും കർഷകർക്ക് പ്രതീക്ഷ നൽകുന്നില്ല. മൂന്നുവർഷം മുമ്പ് 700 രൂപയായിരുന്ന കുരുമുളക് വില 280 രൂപയിലെത്തി. വിളവെടുപ്പ് പൂർത്തിയായെങ്കിലും ഉത്പന്നം ഇതുവരെ വിറ്റഴിച്ചിട്ടില്ല. വിയറ്റ്‌നാമിൽ നിന്നുള്ള ഇറക്കുമതി വർഷങ്ങളായി തുടരുന്നതിനാൽ ഒരുവർഷത്തിനിടെ വില ഉയരാനുള്ള സൂചനകളൊന്നും വിപണിയിലില്ല. തുടർച്ചയായ പ്രളയത്തെത്തുടർന്ന് ഉൽപാദനം പകുതിയായി കുറഞ്ഞിരുന്നു. വിളവെടുത്ത് ഉണക്കിവച്ചിരിക്കുന്ന കാപ്പിക്കുരുവും വിൽക്കാൻ കഴിയാത്ത സ്ഥിതി. നിലവിൽ റോബസ്റ്റ കാപ്പിപ്പരിപ്പിന് കിലോഗ്രാമിന് 100110 രൂപയാണ് വില. അറബി കാപ്പിക്കുരുവിന് 25 രൂപയും. ഉത്പാദനച്ചെലവിനുള്ള വരുമാനം പോലും കാപ്പിക്കൃഷിയിൽ നിന്നു ലഭിക്കുന്നില്ല. നിലവിൽ അഞ്ചുവർഷത്തിലധികമായി കാപ്പിക്കുരു വിലയിൽ വലിയ മാറ്റമില്ല. പരമാവധി 140 രൂപ വരെയാണ് വില ഉയർന്നിട്ടുള്ളത്. ഭൂരിഭാഗം കർഷകരും കാപ്പിക്കൃഷിയിൽ നിന്നു പിൻവാങ്ങി. വർഷങ്ങൾക്ക് മുമ്പ് വില 260 രൂപയിൽ എത്തിയിരുന്നു. പിന്നീട് ക്രമേണ താഴ്ന്ന് 80 രൂപ വരെയെത്തി. ഏലക്കാവിലയിലെ മുന്നേറ്റത്തോടെ പല കാപ്പിത്തോട്ടങ്ങളും അപ്രത്യക്ഷമായി.

തേയില തോട്ടങ്ങൾക്കും പൂട്ടുവീണു

ലോക്ക് ഡൗണിൽ ജില്ലയിലെ തേയില തോട്ടങ്ങൾക്കും പൂട്ടുവീണു. 38 തേയില ഫാക്ടറികൾ പൂട്ടിയതോടെ കൊളുന്തും വിൽക്കാനാകുന്നില്ല. തൊഴിലാളികളും വീട്ടിലിരുന്നതോടെ തേയില തോട്ടങ്ങളിൽ ജോലികൾ നിലച്ചിരിക്കുകയാണ്. വിളവെടുപ്പ് നിലച്ചതോടെ കൊളുന്ത് വളർന്ന് ഇലയായി മാറിക്കഴിഞ്ഞു. വിലയിടിവിനു പുറമേ കൊളുന്ത് വിൽപനയും നിലച്ചതോടെ ജില്ലയിലെ പതിനായിരത്തോളം ചെറുകിട തേയില കർഷകരും ദുരിതത്തിലാണ്.