തൊടുപുഴ: ലോക്ക് ഡൗൺ ജാഗ്രതയെ തുടർന്ന് ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് ഇടപാടുകൾ നടത്തി. ഇന്നലെ രാവിലെ 10.30 മുതൽ 11.30 വരെ കരിങ്കുന്നം, 12 മുതൽ ഒന്ന് വരെ മുട്ടം, 1.30 മുതൽ മൂന്ന് വരെ മുലമറ്റം എന്നീ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളിലാണ് ക്യാമ്പ് ചെയ്തത്. സേവിംഗ്സ് ബാങ്ക് ക്യാഷ് ഡെപ്പോസിറ്റ് പിൻവലിക്കൽ, ആർ.ബി ഡെപ്പോസിറ്റ്, ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കൽ എന്നീ ഇടപാടുകളാണ് പ്രധാനമായും സഞ്ചരിക്കുന്ന പോസ്റ്റ്ആഫീസിലൂടെ നടത്തിയത്. മൂന്ന് കേന്ദ്രങ്ങളിലായി 20 ആളുകൾ വിവിധ ഇടപാടുകൾക്കായി സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിനെ സമീപിച്ചു. സിസ്റ്റം അഡ്മിനിസ്റ്റേറ്റർ, പോസ്റ്റ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇന്ന് രാവിലെ 10.30 മുതൽ 11.30 വരെ കരിമണ്ണൂർ, 12 മുതൽ ഒന്ന് വരെ വണ്ണപ്പുറം, 1.30 മുതൽ മൂന്ന് വരെ കാലയന്താനി എന്നീ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് എത്തും.