രാജാക്കാട്: ശാന്തമ്പാറ റിജോഷ് കൊലപാതക കേസിൽ ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിയ്ക്കുമെന്ന് പൊലീസ്. മരിച്ച റിജോഷിന്റെ ഡി.എൻ.എ പരിശോധന ഫലം ലഭിയ്ക്കുന്നതോടെ കുറ്റപത്രം സമർപ്പിയ്ക്കാനാകും. ശാന്തമ്പാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരനായ മുല്ലൂർ വീട്ടിൽ റിജോഷിനെ (31) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും ഫാം ഹൗസ് മാനേജറുമായ ഇരിങ്ങാലക്കുട സ്വദേശി വസീം (31), രണ്ടാം പ്രതി റിജോഷിന്റെ ഭാര്യ ലിജി (29) എന്നിവർ മഹാരാഷ്ട്രയിലെ ജയിലിൽ റിമാൻഡിലാണ്. റിജോഷിന്റെ രണ്ടര വയസുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന കേസിലാണ് ഇവർ മുംബെയ് പൻവേൽ ജയിൽ റിമാൻഡിൽ കഴിയുന്നത്. കഴിഞ്ഞ മാസം 10ന് ഇരുവരെയും മുംബെയിൽ നിന്ന് എത്തിച്ച തെളിവെടുത്തിരുന്നു. ഒരുവർഷം മുമ്പാണ് റിജോഷും ഭാര്യയും ഫാമിൽ ജോലിയ്ക്ക് പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിയ്ക്കുന്നതിനായിരുന്നു റിജോഷ് ഇവിടെ എത്തിയത്. കൃഷി ജോലികളിൽ സഹായിക്കുന്നതിനാണ് ലിജിയും എത്തിയത്. നാല് വർഷം മുമ്പാണ് ഇരിങ്ങാലക്കുട കുഴികണ്ടത്തിൽ വസിം മാനേജരായി ഇവിടെ എത്തുന്നത്. വസീമും ലിജിയും തമ്മിലുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. റിജോഷിനെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുഴിയിൽ മൃതദേഹം മൂടുകയായിരുന്നു. ഫാമിൽ ഉണ്ടായിരുന്ന ഒരു പശുക്കുട്ടി ചത്തതായും താനതിനെ സമീപത്തെ കുഴിയിൽ മൂടിയെന്നും വസീം ഒരു ജെസിബി ഓപ്പറേറ്ററോട് പറഞ്ഞിരുന്നു. കുഴി മൂടി മണ്ണ് ഉറപ്പിയ്ക്കാൻ ഇയാളെ ചുമതലപ്പെടുത്തി. സമീപത്തെ മൺ ഭിത്തി ഇടിച്ചാണ് കുഴി മൂടിയത്. നാടിനെ കണ്ണീരിലാഴ്ത്തിയ റിജോഷ്, ജൊവാന കൊലപാതക കേസിൽ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ശാസ്ത്രീയ തെളിവുകൾ, വസിമിന്റെ കുറ്റസമ്മത വീഡിയോ എന്നിവ കേസിൽ നിർണ്ണായകമാണ്. കൊല്ലപ്പെട്ട റിജോഷിന്റെ ഡി.എൻ.എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ.
നാടിനെ ഞെട്ടിച്ച കൊലപാതകം
കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് റിജോഷിനെ കാണാതായത്. നവംബർ നാലിന് വസിമിനേയും ലിജിയേയും റിജോഷിന്റെ ഇളയ കുട്ടിയേയും കാണാതായി. റിജോഷിന്റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ശാന്തമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാം ഹൗസിന് സമീപത്തെ കുഴിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പാതി കത്തിയ നിലയിലായിരുന്നു ശരീരം. നാട് വിട്ട വസീമിനെയും ലിജിയെയും നവംബർ ഒമ്പതിന് മുംബെയ് പനവേലിലെ ലോഡ്ജ് മുറിയിൽ വിഷം ഉള്ളിൽ ചെന്ന് അവശ നിലയിൽ കണ്ടെത്തി. റിജോഷിന്റെ കുഞ്ഞ് ജൊവാന വിഷം ഉള്ളിൽ ചെന്ന് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയ ഇരുവരുടെയും അറസ്റ്റ് മഹാരാഷ്ട്രയിലെയും കേരളത്തിലെയും പൊലീസ് രേഖപെടുത്തി.