കട്ടപ്പന: ആരോഗ്യ പ്രവർത്തകരെ കാത്തുനിൽക്കാതെ വാർഡിലെ ജനവാസ കേന്ദ്രങ്ങൾ അണുമുക്തമാക്കാൻ നഗരസഭ കൗൺസിലർ നേരിട്ടിറങ്ങി. കട്ടപ്പന നഗരസഭയിലെ 22ാം വാർഡ് കൗൺസിലർ ഗിരീഷ് മാലിയിലാണ് അമ്പലക്കവല എസ്.ടി. കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണുനാശിനി തളിച്ചത്. ലോക്ക്ഡൗൺ തുടരുന്നതിനാൽ ജനവാസ കേന്ദ്രങ്ങൾ അണുമുക്തമാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 11ഓടെ മാസ്‌കും ഗ്ലൗസും ധരിച്ച് കോളനിയിലെത്തിയ ഗിരീഷ് പമ്പ് ഉപയോഗിച്ച് രണ്ടുമണിക്കൂർ കൊണ്ട് കോളനിയിൽ അണുനാശിനി തളിച്ചു. വീടുകളുടെ പരിസരങ്ങളും ഗേറ്റും മതിലുകളും കുടിവെള്ള സ്രോതസിന്റെ പരിസരങ്ങളിലും കൗൺസിലർ ഒറ്റയ്ക്ക് അണുമുക്തമാക്കി. കോളനിയിലെ മുതിർന്ന താമസക്കാരി തങ്കമ്മ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് ജോസഫ്, അരുൺ കുമാർ, ജൂനിയർ ഹെൽത്ത് നഴ്‌സ് കെ. ദീപ, ബോബൻ സേവ്യർ എന്നിവർ കോളനിയിലെ താമസക്കാർക്ക് മാർഗനിർദേശങ്ങൾ നൽകി. അമ്പലക്കവല എസ്.ടി. കോളനിയെ സംസ്ഥാനത്തെ മികച്ച ഹൈടെക്ക് കോളനിയാക്കി മാറ്റിയതിനു മുഖ്യപങ്ക് വഹിച്ചതും ഗിരീഷ് മാലിയിലായിരുന്നു.