ഇടുക്കി : ജില്ലയിൽ ഒറ്റപ്പെട്ട് താമസിക്കുന്ന വൃദ്ധർക്കും അംഗവൈകല്യമുള്ളവർക്കും മാനസിക വൈകല്യമുള്ളവർക്കും ഭക്ഷണമോ മരുന്നോ എത്തിക്കേണ്ട സാഹചര്യങ്ങൾ, ആംബുലൻസ് സേവനം ആവശ്യമുണ്ടെങ്കിൽ ഫയർഫോഴ്‌സ് ടോൾഫ്രീ നമ്പർ ആയ 101 ലോ ജില്ലാ കൺട്രോൾ റൂം (04862236100) ഫോൺ നമ്പറിലോ വിളിച്ചാൽ എല്ലാവിധ സഹായങ്ങളും നൽകും. ജില്ലയിലെ എട്ട് ഫയർ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളിലെ 240ൽപ്പരം ജീവനക്കാർ ഇക്കാര്യത്തിൽ സേവന സന്നദ്ധരായുണ്ട്. കൊറോണ രോഗബാധ സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിലും രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രികളിലും ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങാൻ എത്തുന്ന പൊതുസ്ഥലങ്ങളിലും അവശ്യ സർവ്വീസ് നടത്തുന്ന ഓഫീസ് പരിസരങ്ങളിലും രോഗികളെ ട്രാൻസ്‌പോർട്ട് ചെയ്യുന്ന വാഹനങ്ങളിലും ഫയർ ആന്റ് റസ്‌ക്യൂ വകുപ്പ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഫയർ ആന്റ് റസ്‌ക്യൂ വകുപ്പ് സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ ഉൾപ്പെടുത്തി ഓരോ പഞ്ചായത്തിലും കമ്യൂണിറ്റി കിച്ചണിൽ നിന്നും ജനങ്ങൾക്ക് ആഹാരം മരുന്ന് എന്നിവ എത്തിച്ചുകൊടുക്കുന്നതിനും വകുപ്പിലെ വാഹനങ്ങളും ജീവനക്കാരും കർമ്മനിരതരാണെന്നും എറണാകുളം റീജിയണൽ ഫയർ ഓഫീസർ പറഞ്ഞു.