നെടുങ്കണ്ടം: അപേക്ഷിച്ചിട്ടും തൊഴിലുടമ സഹായിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് നെടുങ്കണ്ടം പൊലീസ്. നെടുങ്കണ്ടം കൽകൂന്തൽ ഗീതാജ്ഞലി എസ്റ്റേറ്റ് സൂപ്പർവൈസറുടെ ഭാര്യയുടെ ജീവനാണ് പൊലീസ് രക്ഷിച്ചത്. ചൊവ്വാഴ്ച പുലർച്ച 1.30നാണ് യുവതിക്ക് അസുഖം കൂടിയത്. ലോക്‌ഡൗൺ ആയതിനാൽ വാഹനമൊന്നും കിട്ടാതെ വന്നതോടെ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം വിട്ടുനൽകുവാൻ തോട്ടം ഉടമയെ സൂപ്പർവൈസർ സമീപിച്ചു. എന്നാൽ വാഹനം നൽകാൻ ഉടമ വിസമ്മതിച്ചു. ഇതോടെ വിഷമത്തിലായ യുവാവ്
നെടുങ്കണ്ടം പൊലീസിന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. നെടുങ്കണ്ടം എസ്.ഐ റോയിമോൻ ടി.സിയുടെ നേതൃത്വത്തിലുള്ള പൊലീസ് യുവതിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കേളേജിലേയ്ക്ക് അയച്ചു. ഒരു മാസത്തെ വേതനം ലഭിക്കാനുള്ള സൂപ്പർവൈസറിന് 1000 രൂപ മാത്രമാണ് ആശുപത്രിയിൽ
പോകുന്നതിനായി എസ്റ്റേറ്റ് ഉടമ നൽകിയതത്രേ. ബാക്കി വേതനം ചോദിച്ചപ്പോൾ നേരിട്ടെത്തിയാൽ മാത്രമേ നൽകുവെന്ന പിടിവാശിയിലായിരുന്നു എസ്റ്റേറ്റ് ഉടമയെന്ന് യുവാവ് പറഞ്ഞു. വിവരം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് ഇടപെട്ടതോടെ യുവാവിന്റെ അക്കൗണ്ട് വഴി തുക നിക്ഷേപിച്ചുകൊള്ളാമെന്ന് തൊഴിൽ ഉടമ സമ്മതിച്ചു.