കട്ടപ്പന: രാജ്യത്തെ കർഷക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ കൃഷി, കാർഷികാനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ലോക് ഡൗണിൽ നിന്നു കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചിട്ടും ജില്ലയിൽ നടപ്പാക്കുന്നില്ലെന്ന് ബി.ജെ.പി. ജില്ലാ കമ്മിറ്റി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുടെ ഇടപെടലിലാണ് ഉത്തരവ് പുറത്തിറക്കിയത്. വിളവെടുപ്പ്, വിപണികളിലേക്കുള്ള ഭക്ഷ്യധാന്യ ചരക്കു നീക്കം എന്നിവയിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വിലയിരുത്തിയ മന്ത്രി ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ധരിപ്പിച്ചിരുന്നു. ഉത്തരവുപ്രകാരം കൃഷിയും അനുബന്ധ ഉൽപന്നങ്ങളും സേവനങ്ങളും മറ്റു പ്രവർത്തനങ്ങളും 21 ദിവസത്തെ ലോക്ഡൗാണിൽ നിന്നു ഒഴിവാക്കി. ഇതുമൂലം വിളവെടുപ്പ് തടസം കൂടാതെ നടത്താം.
. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. എന്നാൽ കാർഷിക മേഖലയെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ജില്ലയിൽ ഉത്തരവ് നടപ്പാക്കാത്തത് കൃഷിക്കാരോടുള്ള വെല്ലുവിളിയാണ്. ഇടുക്കിയിലെ പ്രധാന്യനാണ്യവിളയായ ഏലം കൃഷിയിൽ വളവും കീടനാശിനിയും യഥാസമയം ഉപയോഗിച്ചില്ലെങ്കിൽ പൂർണമായി നശിച്ചുപോകും. കുരുമുളക് വിളവെടുപ്പ് സമയം അതിക്രമിച്ച സാഹചര്യത്തിൽ ജില്ല ഭരണകൂടം അടിയന്തരമായി കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് ബി.ജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ ആവശ്യപ്പെട്ടു.