തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ഹൈഡ്രോക്സി ക്ലോറോക്വീൻ ഗുളിക എത്തിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ: സുജ ജോസഫ് പറഞ്ഞു.ജില്ലാ ആശുപത്രിയിൽ കൊറോണ രോഗികളെ ചികിൽസിക്കുന്ന ഐസിലേഷൻ വാർഡിന്റെ ചുമതലയുള്ള ഡോക്ടർമാർ, നേഴ്സ്, മറ്റ് ജീവനക്കാർ എന്നിവർക്ക് പ്രതിരോധ ശേഷി വർധിപ്പിക്കാൻ നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വീൻ ഗുളിക കഴിഞ്ഞ ദിവസം ആശുപത്രിയിൽ തീർന്ന് പോയിരുന്നു.എന്നാൽ അധികൃതരുടെ അടിയന്തിരമായ ഇടപെടലിൽ ആവശ്യത്തിന് ഗുളിക ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.ഒരു ഡോക്ടർ,7 നേഴ്സ്, മറ്റ് ജീവനക്കാർ ഉൾപ്പടെ 16 ജീവനക്കാരെയാണ് ഐസലേഷൻ വാർഡിൽ രോഗീ പരിചരണത്തിന് നിയമിച്ചിരിക്കുന്നത്.ഈ വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആർക്കും തന്നെ സുരക്ഷ കാരണത്താൽ പുറത്തിറങ്ങാൻ അനുമതിയില്ല. ഐസലേഷൻ വാർഡ് സജ്ജമാക്കിയിരിക്കുന്ന ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ തന്നെയാണ് ഇവർക്കുള്ള താമസസൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടുന്ന ഐസലേഷൻ വാർഡിലെ ജീവനക്കാർക്കുള്ള പ്രതിരോധ ഗുളികയാണ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം തീർന്ന് പോയത്.പ്രതിരോധ ഗുളിക തീർന്ന് പോയത് സംബന്ധിച്ചും ഗുളിക തീർന്നാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർക്ക് മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിലും ഐസലേഷൻ വാർഡിൽ നിയോഗിച്ചിരിക്കുന്ന ജീവനക്കാർക്കും അവരുടെ വീട്ടുകാർക്കും കടുത്ത അതൃപ്തിയാണുള്ളത്.
ജീവനക്കാർക്ക് നൽകാനുള്ള പ്രതിരോധ ഗുളിക ആശുപത്രിയിൽ ആവശ്യത്തിന് ഉണ്ടായിരുന്നു, എന്നാൽ ആശുപത്രിയിൽ തന്നെയുള്ള മറ്റ് ചിലർ ഗുളിക അനധികൃതമായി കൈക്കലാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ചില ജീവനക്കാർ തന്നെ ആരോപിക്കുന്നു.ഐസലേഷൻ വാർഡിൽ നിയോഗിച്ചിരിക്കുന്ന ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രം ഹൈഡ്രോക്സി ക്ലോറോക്വീൻ ഗുളിക നൽകിയാൽ മതിയെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.ഹൃദ്രോഗം ഉള്ളവർക്ക് ഈ ഗുളിക കഴിച്ചാൽ ചില പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതെല്ലാം കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് അവർക്ക് ഗുളിക നൽകുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.