കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്കും ആശുപത്രിയിലെത്തിച്ചേരാൻ കഴിയാത്തവർക്കും വീടുകളിൽ മരുന്ന് എത്തിച്ചുനൽകുന്ന കരുതൽ പദ്ധതിക്ക് തുടക്കമായി. ഇരട്ടയാർ ഗ്രാമപഞ്ചായത്തും ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുഗതാഗതം നിലച്ചതോടെ ആശുപത്രിയിലെത്താൻ കഴിയാത്തവർക്ക് വീട്ടുപടിക്കൽ മരുന്ന് എത്തിത്തുടങ്ങിയതോടെ ആശ്വാസമായി. പഞ്ചായത്തിൽ 500ൽപ്പരം രോഗികൾക്ക് രണ്ടുമാസത്തേയ്ക്കുള്ള മരുന്നുകൾ എത്തിച്ചുനൽകും. മരുന്ന് വിതരണത്തിനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആശുപത്രി ജീവനക്കാരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ആശ പ്രവർത്തകർ തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും അടുത്തദിവസങ്ങളിൽ മരുന്ന് നൽകും. ഇതോടൊപ്പം ഇവരുടെ ആരോഗ്യനിലയും ചോദിച്ചു മനസിലാക്കുന്നുണ്ട്.