തൊടുപുഴ: വ്യാപാരി വീട്ടിൽ സൂക്ഷിച്ച പലവ്യഞ്ജനങ്ങൾ ജില്ലാ വിജിലൻസ് യൂണിറ്റ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തു. ഉടുമ്പന്നൂർ കാഞ്ഞിരത്തിങ്കൽ സ്റ്റോഴ്‌സ് ഉടമ സലിമിന്റെ വീട്ടിലായിരുന്നു റെയ്ഡ്. പരിശോധനയിൽ 150 കിലോ ഉഴുന്ന്, 99 കിലോ വീതം തുവര പരിപ്പും ചെറുപയറും, 675 കിലോ സവാള എന്നിവയാണ് പിടിച്ചെടുത്തത്. കടയിൽ സ്ഥലമില്ലാത്തതിനാൽ സൂക്ഷിച്ചതാണെന്നായിരുന്നു വ്യാപാരിയുടെ മറുപടി. സാധനങ്ങളുടെ ബില്ലും ഇയാൾ ഹാജരാക്കി. എന്നാൽ, വീട്ടിൽ ഇത്രയും സാധനങ്ങൾ സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടാണ് നടപടി സ്വീകരിച്ചത്. വിജിലൻസ് പൊലീസ് ഇൻസ്‌പെക്ടർ കെ. സദൻ, എസ്‌.ഐ ഷാജി, എ.എസ്‌.ഐമാരായ ബിജു കുര്യൻ, സെബി മാത്യു, പരീത്, താലൂക്ക് സപ്ലൈ ഓഫീസർ മാർട്ടിൻ മാനുവൽ, അസിസ്റ്റന്റ് താലൂക്ക്ക്ക് സപ്ലൈ ഓഫീസർ ഷിജു തങ്കച്ചൻ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത സാധനങ്ങൾ തുടർ നടപടികൾക്കായി സിവിൽ സപ്ലൈസ് വിഭാഗത്തിന് കൈമാറി. ഇവ പിന്നീട് റിപ്പോർട്ട് തയ്യാറാക്കിയശേഷം ഉടമയ്ക്ക് വിട്ടുകൊടുത്തു. റിപ്പോർട്ട് കളക്ടർക്ക് നൽകിയശേഷം തുടർനടപടിയുണ്ടാകുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.