കട്ടപ്പന: പെരുമ്പാവൂരും പായിപ്പാടും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന കട്ടപ്പന മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പായിപ്പാട്ടും പെരുമ്പാവൂരും തൊഴിലാളികൾ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ഇത്തരത്തിലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. എന്നാൽ മറ്റു സ്ഥലങ്ങളിൽ നിന്നു വ്യത്യസ്ഥ ജീവിത സാഹചര്യമാണ് കട്ടപ്പന മേഖലയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ളത്. ഭൂരിഭാഗം പേർക്കും തൊഴിലുടമകൾ മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് മുറികൾ വാടകയ്‌ക്കെടുത്ത് താമസിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇവരെ ഉൾപ്പെടുത്തി ആരോഗ്യ പ്രവർത്തകർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിരുന്നു. ഇവർക്കിടയിലെ പ്രശ്‌നങ്ങൾ അപ്പോപ്പോൾ തന്നെ ഗ്രൂപ്പുകളിൽ അറിയിക്കുകയും ഉടൻതന്നെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു. ലോഡ്ജുകളിൽ താമസിച്ച് ജോലിക്കുപോകുന്നവർക്ക് കട്ടപ്പന നഗരസഭ സാമൂഹിക പാചകമുറി വഴി ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്.
ആഴ്ചതോറും ലഭിക്കുന്ന വേതനത്തിന്റെ ഭൂരിഭാഗവും നാട്ടിലേക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. എന്നാൽ ജോലികൾ നിർത്തിയതോടെ കുടുംബങ്ങൾ പട്ടിണിയിലാകുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. കഴിഞ്ഞദിവസം കട്ടപ്പനയിലെത്തിയ ആർ.ഡി.ഒ. ഇവർ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
ഞായറാഴ്ചകളിൽ മൂവായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികളാണ് കട്ടപ്പന നഗരത്തിലെത്തുന്നത്.