തൊടുപുഴ: ഡോക്ടർമാരുടെ കുറുപ്പടിയോടു കൂടി മദ്യം നൽകാനുള്ള സർക്കാരിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. പുതിയ തീരുമാനം വിത്ഡ്രോവൽ സിൻഡ്രം ഉള്ളവരെ വീണ്ടും കൂടുതൽ മദ്യപന്മാരാക്കും. ആഴ്ചയിൽ മൂന്നു ലിറ്റർ മദ്യം നൽകാനുള്ള സർക്കാരിന്റെ തീരുമാനം എന്ത് മാനദണ്ഡം അനുസരിച്ചാണെന്ന് വ്യക്തമാക്കണം. ഡോക്ടർമാരുടെ സംഘടനകൾ ഇതിനെതിരെ നിലപാട് സ്വീകരിച്ചിട്ടും അതിൽ യാതൊരു പ്രാധാന്യവും കൊടുക്കാതെ നിഷിപ്ത താത്പര്യക്കാർക്കു വേണ്ടി എടുത്ത തീരുമാനം പിൻവലിക്കണമെന്നും എം.ജെ ജേക്കബ് ആവശ്യപ്പെട്ടു.