തൊടുപുഴ: ലോക്ക്ഡൗൺ നിരോധനം ലംഘിച്ച് മദ്യം വിറ്റ ബാർ മാനേജർക്കെതിരെ കേസ്. സിസിലിയ ബാർ മാനേജർ ജോസിന്റെ പേരിലാണ് കേസെടുത്തത്. സിസിലിയ ബാറിൽ അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ എം.പി. സാഗർ,​ പ്രൊബേഷൻ എസ്.ഐ വിദ്യ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി ഒമ്പതിന് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. ഇവിടെ നിന്ന് മദ്യം വാങ്ങിയ ആളിൽ നിന്ന് ഒരു ഫുൾ കുപ്പി മദ്യവും അര കുപ്പി മദ്യവും പിടികൂടി. മദ്യം വാങ്ങാനെത്തിയ മറ്റൊരാളെയും പിടികൂടിയെങ്കിലും ഇയാളുടെ കൈവശം മദ്യം ഉണ്ടായിരുന്നില്ല. മാനേജരെ പിടികൂടാനായില്ലെന്ന് പൊലീസ് പറഞ്ഞു. എഫ്.ഐ.ആർ തയ്യാറാക്കി കേസ് കോടതിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.