തൊടുപുഴ: രണ്ടും മൂന്നും ദശാബ്ദത്തിലധികം സർക്കാരിനെ സേവിച്ച ശേഷം വിരമിക്കുമ്പോൾ മാന്യമായ യാത്രയയപ്പ് ഏവരുടെയും അവകാശമാണ്. പതിറ്റാണ്ടുകളുടെ സേവനത്തിന് ശേഷമുള്ള ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം ഒരു ചടങ്ങ് പോലുമില്ലാതെ പിരിഞ്ഞുപോകേണ്ടി വന്നതിന്റെ വിഷമത്തിലാണ് നൂറുകണക്കിന് ജീവനക്കാർ. വിവിധ സർക്കാർ സർവീസുകളിലുള്ള നിരവധി ജീവനക്കാരാണ് ഇന്നലെ ജില്ലയിൽ വിരമിച്ചത്. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ ചെറിയൊരു യാത്രയപ്പ് പോലും ലഭിക്കാനുള്ള ഭാഗ്യം ഇവർക്ക് ആർക്കും ഉണ്ടായില്ല. ആഫീസിൽ യാത്രയയപ്പ് ചടങ്ങിന് പുറമെ വീട്ടിലും സത്കാരം ഉണ്ടാകാറുള്ളതാണ്. എന്നാൽ ഇത്തവണ പലർക്കും ചുമതല കൈമാറാൻ പോലും ആഫീസിലെത്താനായില്ല. പൊലീസ് ഉൾപ്പെടെയുള്ള അവശ്യസർവീസിലുള്ളവർ മാത്രമാണ് നേരിട്ടെത്തി വിരമിച്ച് ചുമതല കൈമാറിയത്. ഇവർക്കും മേലധികാരിയുടെ പൂച്ചെണ്ടും സഹപ്രവർത്തകരുടെ ആശംസയും മാത്രമായിരുന്നു ലഭിച്ചത്. എന്നാൽ കൊറോണയെന്ന മഹാമാരിയെ നാം ഒറ്റക്കെട്ടായി നേരിടുമ്പോൾ തങ്ങളുടെ വ്യക്തിപരമായ ഒരു കാര്യത്തിന് തീരെ പ്രസക്തിയില്ലെന്നാണ് ഇവരിൽ പലരും പറയുന്നത്. പലരെയും മേലധികാരികളും സഹപ്രവർത്തകരും ഫോണിലൂടെ ആശംസകൾ നേർന്നു. ഇനി ഒരവസരം ഉണ്ടാകുമ്പോൾ ഒരുമിച്ച് കൂടാമെന്ന് അവർ പരസ്പരം വാക്കുനൽകി. എന്നാൽ വിരമിച്ച അദ്ധ്യാപകരുടെയും സ്കൂൾ ജീവനക്കാരുടെയും കാര്യത്തിൽ ഇത്തരമൊരു പ്രതിസന്ധി പലർക്കാം ഉണ്ടായില്ല.പരീക്ഷകൾ ആരംഭിക്കുംമുമ്പ് ഇവർക്ക് യാത്രഅയപ്പ് നൽകിയതിനാൽ അത്തരമൊരു ദുഖം അവർക്കുണ്ടായില്ല.
കൊറോണ പ്രതിരോധത്തിന് ആശങ്ക
ഒരു വിഭാഗം ജീവനക്കാർ മാർച്ച് 31ന് വിരമിക്കുന്നതോടെ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുമോ എന്നാശങ്കയുണ്ട്.
എല്ലാ മാസവും ജീവനക്കാർ വിരമിക്കുന്നുണ്ടെങ്കിലും ഏറ്രവും കൂടുതൽ പേർ വിരമിക്കുന്നത് മാർച്ചിലാണ്. കൊറോണ ബാധയെ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ, റവന്യൂ വകുപ്പ് ജീവനക്കാർ, പൊലീസ് സേനാംഗങ്ങൾ എന്നിവർ വിരമിക്കുമ്പോഴുള്ള വിടവ് വലുതാണ്. ഇവർക്ക് പുറമെ സിവിൽ സപ്ലെസ്, ഫയർഫോഴ്‌സ്, പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ ജീവനക്കാരുടെ സേവനവും അത്യാവശ്യമാണ്. സർക്കാരിനും ഇന്നത്തെ സാഹചര്യത്തിൽ വൻ സാമ്പത്തിക ബാദ്ധ്യതയാണ്.