കണ്ണൂർ: പൊളി‌ഞ്ഞ് വീണാൽ പൊളിക്കൂലി ലാഭം എന്ന് കണക്കുകൂട്ടലിലാണെന്ന് തോന്നും കെ.എസ്. ആർ.ടി.സിയുടെ കണ്ണൂർ ഡിപ്പോ കെട്ടിടം കണ്ടാൽ . ജോലി ചെയ്യുന്നവർ ജീവൻ പണയപ്പെടുത്തിയാണ് അകത്തുകഴിയുന്നത്.കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടറ പോലുള്ള ഓഫീസുകളിൽ ഇനിയും എത്ര കാലം കഴിയേണ്ടി വരും എന്നാണ് ജീവനക്കാർ ചോദിക്കുന്നത്.റിക്കാർ‌ഡ് കളക് ഷനുള്ള ഡിപ്പോയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ ദുരവസ്ഥയെന്നതും ശ്രദ്ധേയമാണ്.

ഡിപ്പോ ഇന്ന് പൊളിക്കും, നാളെ പൊളിക്കും എന്ന് കേൾക്കാൻ തുടങ്ങി നാളുകളേറെയായി.നാട്ടുകാരൻ തന്നെ ഗതാഗതമന്ത്രിയായപ്പോൾ ഡിപ്പോ നവീകരണത്തിന് പ്രഥമപരിഗണന നൽകുമെന്നും പറഞ്ഞിരുന്നതാണ്.നഗരത്തിൽ ഏറ്റവും അനാകർഷകമായ കെട്ടിടങ്ങളിലൊന്നാണ് കെ.എസ്.ആർ.ടി.സിയുടെ പഴഞ്ചൻ കെട്ടിടം. രാത്രിയായാൽ തെരുവ് നായകളുടെ ശല്യം രൂക്ഷം.കൊതുകുശല്യമാണെങ്കിൽ പറയുകയേ വേണ്ട.ദീർഘദൂരബസുകളിൽ കയറാൻ രാത്രിയിലെത്തുന്നവർ ഏറെക്കുറെ ഇരുട്ടത്ത് തന്നെ നിൽക്കേണ്ടിവരുന്നു.

കലക്ഷനിൽ റെക്കാർഡ്,പ്രഖ്യാപനത്തിലും

റെക്കാർഡ് കലക്ഷൻ ലഭിക്കുമ്പോഴും കണ്ണൂർ കെ .എസ് .ആർ. ടി .സി ഡിപ്പോ പ്രഖ്യാപനങ്ങൾക്ക് നടുവിലാണിപ്പോഴും. ഷോപ്പിംഗ് കോംപ്ലക്‌സോടെ കെ. എസ്. ആർ .ടി .സി പുത്തൻ ഡിപ്പോ വന്നതോടു കൂടി ജീവനക്കാർക്കും യാത്രക്കാർക്കും പരാതികളും പരിഭവങ്ങളും ഇല്ലാതെ തുടരാമെന്നായിരുന്നു കരുതിയത്. എന്നാൽ ഇപ്പോഴും മുട്ടിലിഴയുകയാണ് കണ്ണൂർ ഡിപ്പോ. അടിസ്ഥാന സൗകര്യങ്ങളും വിശ്രമമുറിയും ജീവനക്കാർക്കെന്ന പോലെ യാത്രക്കാർക്കുമില്ല. മറ്റ് ഡിപ്പോകളിൽ കാന്റീൻ സൗകര്യങ്ങൾ ഉണ്ട് .ഡിപ്പോയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കുലുങ്ങി കുലുങ്ങിയുള്ള യാത്രയിൽ വാരിയെല്ലുകൾ പോലും പുറത്താകുന്ന സ്ഥിതിയാണ്. ബസ് പോയാൽ പൊടിപടലത്തിൽ ഒന്നും കാണാത്ത സ്ഥിതിയാണ്.

പേരിന് മാത്രം ശുചിമുറി

നിരവധി വനിതാജീവനക്കാർ ഉള്ള ഇവിടെ നിലവാരമുള്ള ശുചിമുറി പോലുമില്ല. താമസിക്കാൻ നൽകുന്നതും സൗകര്യമില്ലാത്തവയാണ്. വർക്ക് ഷോപ്പ്, ഡീസൽ ബങ്ക് , ട്രാൻസ്‌പോർട്ട് ഓഫീസിനായി പുതിയ കെട്ടിടം എന്നിവയുടെ നവീകരണം എന്നിവയെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി . ‌ഡിപ്പോ സന്ദർശിച്ച കെ .എസ് .ആർ .ടി .സി എം.ഡിയും ജനറൽ മാനേജറും അത്യാവശ്യ സംവിധാനങ്ങൾ ഉടൻ ഒരുക്കുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകിയതാണ്.പ്രഖ്യാപനത്തിൽ ഇനിയും ലേലം കൊള്ളാതെ അടഞ്ഞു കിടക്കുന്ന കടമുറികൾ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗപ്പെടുത്തും .പത്ത് മുറികളുള്ളതിൽ നാലെണ്ണം വിശ്രമമുറികളായും ബാക്കിയുള്ളവ കാന്റീനായും ഉപയോഗിക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്.

എങ്ങു പോയി മാസ്റ്റർ പ്ളാൻ
2018 മാർച്ച് 21ന് മണ്ഡലം പ്രതിനിധിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ കണ്ണൂർ ഡിപ്പോയുടെ സമഗ്ര വികസനം മുൻനിർത്തി മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നു.എം.എൽ.എ ഫണ്ടുപയോഗിച്ച് ഓഫീസ് ബ്‌ളോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണം പൂർത്തിയാക്കാനും നിർദ്ദേശിച്ചിരുന്നു.

ബൈറ്റ്

കെ.എസ്.ആർ.ടി.സി ഡിപ്പോയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കും. ജീവനക്കാരുടെ സ്റ്റേ റൂം കെട്ടിടം പണി പൂർത്തിയായി ഒന്നര വർഷം കഴിഞ്ഞിട്ടും യാർഡിനും വഴിക്കും ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് വൈകിപ്പിക്കുന്നത്.. ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്-

എ. എൻ. രാജേഷ്, പ്രസിഡന്റ്,ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ( ഐ.എൻ.ടി.യു.സി)