health

ഇളനീർ വെള്ളം നമ്മുടെ പരമ്പരാഗതമായ പാനീയമാണ്. പ്രകൃതിയുടെ വരദാനമായ ഈ പാനീയം ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മാറ്റേകും. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇളനീർ വെള്ളം എളുപ്പത്തിൽ ക്ഷീണം മാറ്റുമെന്നതിനാൽ രോഗികൾക്ക് ഉൾപ്പെടെ ഇത് നല്കാറുണ്ട്. ഗ്ലൂക്കോസിന്റെ അംശം നല്ല അളവിലുണ്ടെന്നതാണ് ഇതിന് കാരണം. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്നു. മൂത്രതടസം മാറ്റുന്നതിനും ഇളനീർ ഉപയോഗിക്കാറുണ്ട്.

സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ വയറിളക്കം പോലുള്ള അസുഖങ്ങൾ പിടിപെടുമ്പോഴും ഇളനീർ ഉത്തമപാനീയമായി കരുതുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇളനീർ വെള്ളം നല്ലതാണ്. പൊണ്ണത്തടിയുള്ളവരുടെ തടികുറയ്ക്കാനും ഇത് കുടിക്കാറുണ്ട്. കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നത് കൊണ്ടാണിത്. ഭക്ഷണത്തിലെ നല്ല അംശങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും ഇളനീർ വെള്ളം സഹായിക്കും.

കൂടാതെ മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണിത്. തൈറോയ്ഡിന്റെ കുറവ് പരിഹരിക്കും. ഗർഭിണികൾക്ക് മലബന്ധം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അകറ്റാൻ കരിക്കിൻ വെള്ളം നല്കാറുണ്ട്. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ ദിവസവും ഇളനീർ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. മുഖത്ത് പ്രസരിപ്പിന് ഇളനീർ വെള്ളം ഉപയോഗിച്ച് മുഖം കഴുകാറുമുണ്ട്.

പൂർണമായും രോഗാണുമുക്തമായ ഈ പാനീയം വൃക്കരോഗികൾക്കും പ്രമേഹ ബാധിതർക്കും ഒഴികെ എല്ലാ അവസ്ഥകളിലും ഉപയോഗിക്കാമെന്നാണ് പറയുന്നത്. ഇളനീരിനുള്ളിലെ കാമ്പും പോഷകഗുണമേറിയതാണ്. ശരീരത്തെ തണുപ്പിക്കുന്നതും മൂത്രച്ചൂട് മാറ്റുന്നതിനും സഹായിക്കും.

ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം,
അസി. പ്രൊഫസർ,
PNNM ആയുർവേദ
മെഡിക്കൽ കോളേജ്,
ചെറുതുരുത്തി, തൃശൂർ.

ഫോൺ: 9809336870.