kv-kunjiraman

കാസർകോട്: മഞ്ചേശ്വരത്ത് കാലുറപ്പിക്കാനുള്ള സി.പി.എമ്മിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാനുള്ള നിയോഗം മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ കെ.വി കുഞ്ഞിരാമന്. മഞ്ചേശ്വരത്ത് പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുഞ്ഞിരാമനെ മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി നിയമിച്ചു.

ഉദുമ സ്വദേശിയായ കെ.വി കുഞ്ഞിരാമനെ ജില്ലയിയുടെ വടക്കൻ അതിർത്തി പ്രദേശമായ മഞ്ചേശ്വരം ഏരിയ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി കേന്ദ്രങ്ങളിൽ അമ്പരപ്പുളവാക്കിയിട്ടുണ്ടെങ്കിലും പാർട്ടി നേതൃത്വം കാണുന്ന ലക്ഷ്യങ്ങൾ പലതാണ്. നിലവിലുണ്ടായ ഏരിയാ സെക്രട്ടറി അബ്ദുൾ റസാഖ് ചിപ്പാറിനെ താൽക്കാലികമായി മാറ്റിനിർത്തിയാണ് കുഞ്ഞിരാമനെ പാർട്ടി പുതിയ ദൗത്യം ഏൽപ്പിച്ചത്. അതേസമയം നിലവിലുള്ള സെക്രട്ടറി ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ ഏരിയാ സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നതെന്നാണ് സി.പി.എം വിശദീകരണം.

മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ഓഫീസിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി. എച്ച് കുഞ്ഞമ്പു, എൽ.ഡി.എഫ് കൺവീനർ കെ.പി സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ. ജയാനന്ദ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരു വർഷം കഴിഞ്ഞാൽ എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് സി.പി.എമ്മിന്റെ നീക്കം. കെ.വി. കുഞ്ഞിരാമന്റെ നേതൃപാടവം മുതലാക്കി മഞ്ചേശ്വരത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.