കേട്ടാൽ ഇതെന്ത് മത്സരമാണെന്ന് തോന്നും. എന്നാൽ ഇംഗ്ലണ്ടിലെ ഗ്ലൗസെസ് ടെർഷയറിലെ യുവാക്കളെ ഹിൽ ചീസ് റോളിംഗ് ഏറെ ഹരം പിടിപ്പിക്കുന്നുവെന്നാണ് വർഷാവർഷം നടക്കുന്ന ഈ മത്സരത്തിലെ പങ്കാളിത്തം വെളിവാക്കുന്നത്. വസന്തകാലത്താണ് ഈ കൗതുകകരമായ മത്സരം നടക്കുന്നത്. കുത്തനെയുള്ള മലയിറക്കത്തിൽ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇത് പിടിക്കാനായി പിന്നാലെ യുവാക്കളുടെ കൂട്ടം തന്നെ ഓടും. അപകടകരമായ ഈ വിനോദമെന്തിനാണെന്ന് തോന്നിയാൽ തെറ്റി. ആദ്യം താഴെയെത്താനുള്ള മത്സരത്തിൽ ഇവർ സ്വയംമറന്നായിരിക്കും പങ്കെടുക്കുന്നത്. അപകടങ്ങളെ കുറിച്ചൊന്നും ചിന്തിക്കുകയേയില്ല.
ഗ്രാമീണർ മാത്രമല്ല ഇന്ന് ലോകത്തുള്ള പലരും ഹിൽ ചീസ് റോളിംഗ് മത്സരം കാണാനെത്തുന്നുണ്ട്. കുത്തനെയുള്ള ഇറക്കമായതിനാൽ ഉരുണ്ടിറങ്ങുന്ന ചീസിന് പിന്നാലെ ഓടിയാൽ മരണം വരെ സംഭവിക്കുന്ന പരിക്കേൽക്കാം. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആൾക്കാർ താഴേക്ക് പതിക്കുന്നതും പരിക്കേൽക്കുന്നതുമൊക്കെ സ്ഥിരമാണെങ്കിലും മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ ഇവർ തയ്യാറാവില്ല. മണിക്കൂറിൽ 70 മൈൽ വരെ വേഗത വേണ്ടിവരുമെന്നാണ് പറയുന്നത്.
2009 വരെ മത്സരത്തിന് സർക്കാർ പിന്തുണയുണ്ടായിരുന്നെങ്കിലും ആളുകൾക്ക് പരിക്കേൽക്കുന്നതും പരാതിയും പതിവായതോടെ ഔദ്യോഗിക പരിവേഷം ഉപേക്ഷിച്ചു. എന്നാൽ പാരമ്പര്യം തുടരുന്നതിൽ നാട്ടുകാർക്ക് വിലക്കില്ലെന്നതിനാൽ എല്ലാവർഷവും മുടങ്ങാതെ മത്സരം നടക്കുന്നു. എന്നാൽ അപകടത്തിൽപ്പെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാനുള്ള മെഡിക്കൽ സംഘത്തെയൊക്കെ നിയമിക്കാറുണ്ട്. മത്സരം കാണാനാകട്ടെ വൻ ജനാവലി തന്നെ തടിച്ചുകൂടും.